കയ്‌റോ – മേഖലാ സംഘര്‍ഷം മൂലം ഈജിപ്തിന് സൂയസ് കനാല്‍ വരുമാനത്തില്‍ ആയിരം കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി പറഞ്ഞു. ഇറാനെതിരായ യു.എസ്-ഇസ്രായില്‍ യുദ്ധവും ബാബ് അല്‍മന്ദബ് കടലിടുക്കില്‍ കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളും കാരണമായ മേഖലാ സംഘര്‍ഷത്തിന്റെ ആഘാതം ഈജിപ്തിന് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കി. ബാബ് അല്‍മന്ദബ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ കാരണം ഈജിപ്തിന് സൂയസ് കനാല്‍ വരുമാനത്തില്‍ ആയിരം കോടി ഡോളര്‍ നഷ്ടം നേരിട്ടുവെന്ന് അബ്ദുല്‍ഫത്താഹ് വ്യക്തമാക്കി.
ആഗോളതലത്തില്‍ ഭക്ഷ്യ, ഊര്‍ജ വിലകള്‍ വര്‍ധിച്ചു. സഹോദര സൗഹൃദ രാജ്യങ്ങളില്‍ നിന്ന് ഒരു കോടി പ്രവാസികള്‍ ഈജിപ്തില്‍ അഭയം തേടി. ഈ വെല്ലുവിളികളുടെ വ്യാപ്തി ഉണ്ടായിരുന്നിട്ടും, ദൈവീക സഹായത്താലും, കഠിനാധ്വാനം, ജനങ്ങളുടെ ഐക്യം എന്നിവയാലും ഈജിപ്തിന് പ്രതിസന്ധികളെ ഒന്നിനു പുറകെ ഒന്നായി തരണം ചെയ്യാനും അതിന്റെ സ്ഥിരത നിലനിര്‍ത്താനും കഴിഞ്ഞു. പ്രക്ഷുബ്ധമായ മേഖലയില്‍ സുരക്ഷയുടെ മരുപ്പച്ചയാക്കി ഇത് ഈജിപ്തിനെ മാറ്റി. നമ്മുടെ ജനങ്ങള്‍ നേരിടുന്ന സമ്മര്‍ദങ്ങളുടെ വ്യാപ്തിയെ കുറിച്ചുള്ള നമ്മുടെ അവബോധവും, ശക്തവും സുസ്ഥിരവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് മാതൃരാജ്യത്തെയും അതിലെ പൗരന്മാരെയും സംരക്ഷിക്കാനുള്ള ഏറ്റവും ഉറപ്പുള്ള ഗ്യാരണ്ടി എന്ന നമ്മുടെ ധാരണയും ഞാന്‍ സ്ഥിരീകരിക്കുന്നു. ഈ ഭാരങ്ങള്‍ കഴിയുന്നത്ര ലഘൂകരിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതായും ഈജിപ്ഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.



