വാഷിംഗ്ടണ്‍ – ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കണമെന്ന് യു.എസ് പ്രതിനിധി സഭയിലെ ഒരു ഡസനിലധികം ഡെമോക്രാറ്റിക് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തോട് കത്തിലൂടെ ആവശ്യപ്പെട്ടു. ഫലസ്തീന് രാഷ്ട്ര പദവിയെ പിന്തുണക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ കുറഞ്ഞത് ഒരു ഡെമോക്രാറ്റിക് പ്രതിനിധിയെങ്കിലും ഉദ്ദേശിക്കുന്നുണ്ട്. ഗാസയിലെ പട്ടിണിയുടെ വര്‍ധിച്ചുവരുന്ന തെളിവുകള്‍ക്ക് മറുപടിയായി ചില റിപ്പബ്ലിക്കന്‍മാരും ഇസ്രായില്‍ അനുകൂല ഡെമോക്രാറ്റുകളും സമീപ ആഴ്ചകളില്‍ ഇസ്രായില്‍ നേതൃത്വത്തിനെതിരായ വിമര്‍ശനം വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതിനിധി സഭയിലെ റോ ഖന്ന (കാലിഫോര്‍ണിയ) നേതൃത്വം നല്‍കി തയാറാക്കിയ കത്തില്‍ ഷെല്ലി പിംഗ്രി (മെയ്ന്‍), നിഡിയ വെലാസ്‌ക്വസ് (ന്യൂയോര്‍ക്ക്), ജിം മക്ഗൊവന്‍ (മസാച്ചുസെറ്റ്‌സ്) എന്നിവരാണ് കത്തില്‍ ഒപ്പിട്ട ഏറ്റവും പുതിയ അംഗങ്ങള്‍. ഒമ്പത് പേര്‍ നേരത്തെ കത്തില്‍ ഒപ്പിട്ടിരുന്നു. പ്രതിനിധികളായ ഗ്രെഗ് കാസര്‍ (ടെക്‌സസ്), ലോയ്ഡ് ഡോഗെറ്റ് (ടെക്‌സസ്), വെറോണിക്ക എസ്‌കോബാര്‍ (ടെക്‌സസ്), മാക്‌സ്വെല്‍ ഫ്രോസ്റ്റ് (ഫ്‌ളോറിഡ), അല്‍ ഗ്രീന്‍ (ടെക്‌സസ്), ജാരെഡ് ഹഫ്മാന്‍ (കാലിഫോര്‍ണിയ), മാര്‍ക്ക് പോക്കന്‍ (വിസ്‌കോന്‍സിന്‍), ബോണി വാട്‌സണ്‍ കോള്‍മാന്‍ (ന്യൂജേഴ്‌സി) എന്നിവരാണ് നേരത്തെ കത്തില്‍ ഒപ്പിട്ടത്.
സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രഖ്യാപനം യു.എസ് നിയമനിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. മാക്രോണിന്റെ പ്രഖ്യാപനെത്തെ അമേരിക്കന്‍ വിദേശ മന്ത്രി റൂബിയോ ശക്തമായി വിമര്‍ശിച്ചിരുന്നു. അമേരിക്ക ഉള്‍പ്പെടെ ഫലസ്തീന്‍ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളെയും അങ്ങിനെ ചെയ്യാന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി യു.എസ് നിയമനിര്‍മാതാക്കള്‍ പറഞ്ഞു.
ഫലസ്തീന്‍ രാഷ്ട്രത്തിന് ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് അന്താരാഷ്ട്ര അംഗീകാരം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡെമോക്രാറ്റിക് അംഗങ്ങളുടെ കത്ത്. ട്രംപ് ഭരണകൂടം ഇസ്രായിലിനെയും അതിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായി സ്ഥാപിച്ചിരിക്കുന്നതിനാല്‍ അമേരിക്ക ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ സാധ്യതയില്ല.
ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിലനില്‍ക്കാനുള്ള അവകാശം സ്ഥിരീകരിച്ചുകൊണ്ട് 2023 ല്‍ കോണ്‍ഗ്രസ് അംഗം അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയോളമാണ് ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ ഇതുവരെ ഒപ്പിട്ട ഡെമോക്രാറ്റുകളുടെ എണ്ണം. മുന്‍ കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങള്‍ മാത്രമാണ് മുന്‍ നടപടിയെ പിന്തുണച്ചത്.കഴിഞ്ഞ ആഴ്ചയാണ് താന്‍ ആശയവിനിമയം നടത്താന്‍ തുടങ്ങിയതെന്നും പ്രതികരണം അതിശക്തമായിരുന്നെന്നും യു.എസ് പ്രസിഡന്റിന് എഴുതിയ കത്തിനെ കുറിച്ച് ഒരു കോണ്‍ഗ്രസ് അംഗം പറഞ്ഞു.
22 രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് അംഗീകരിച്ച സമാധാന പദ്ധതി അടിസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കണം. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും ഇസ്രായിലിനെ ജൂത-ജനാധിപത്യ രാഷ്ട്രമായി അംഗീകരിക്കാനും അറബ് സമാധാന പദ്ധതി ആവശ്യപ്പെടുന്നു. 147 ലധികം രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. സ്വതന്ത്ര ലോകത്തിന്റെ ബാക്കി ഭാഗങ്ങളില്‍ നിന്ന് നമുക്ക് ഒറ്റപ്പെട്ടുനില്‍ക്കാന്‍ കഴിയില്ല എന്ന് കാലിഫോര്‍ണിയയെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റ് അംഗം അഭിപ്രായപ്പെട്ടു. യുദ്ധം, പട്ടിണി എന്നിവ അവസാനിപ്പിക്കാനും ബന്ദികളുടെ തിരിച്ചുവരവിനും, ഹമാസിന്റെ നിരായുധീകരണവും ഇസ്രായിലിനും ഫലസ്തീനും സുരക്ഷാ ഗ്യാരണ്ടി നല്‍കലും വ്യവസ്ഥ ചെയ്യുന്ന ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കേണ്ടത് ഈ പ്രക്രിയയുടെ ഭാഗമായിരിക്കണം – വാട്‌സണ്‍ കോള്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.