സൻആ– യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകളിൽ അവ്യക്തത. ഇതു സംബന്ധിച്ച് വിദേശകാര്യ വകുപ്പിനോ ബന്ധപ്പെട്ട എംബസികൾക്കോ ഇതേവരെ ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിലെ കാര്യങ്ങൾ ക്രോഡീകരിച്ചിരുന്ന സാമുവേൽ ജെറോമാണ് വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന സന്ദേശം പുറത്തുവിട്ടത്.
നിമിഷ പ്രിയയെ വധശിക്ഷക്ക് വിധിച്ച കേസിന് ആസ്പദമായ സംഭവത്തിലെ ഇര തലാലിന്റെ കുടുംബവുമായി ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തകർ ദ മലയാളം ന്യൂസിനോട് പറഞ്ഞത്. ഏതാനും നിമിഷം മുമ്പും ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നുണ്ട്. ഇതിനിടെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും എന്ന തരത്തിൽ വാർത്തകൾ വന്നത്. ഒരു മില്യൺ യു.എസ് ഡോളറാണ് നിമിഷ പ്രിയയുടെ മോചനത്തിനായി തലാലിന്റെ കുടുംബം ദിയാധനമായി ആവശ്യപ്പെട്ടത് എന്നാണ് സാമുവേൽ ജൊറോം പറയുന്നത്.
ഇതിന് പുറമെ, തലാലിന്റെ കുടുംബം നിർദ്ദേശിക്കുന്ന, സെറിബ്രൽ പാർസി രോഗം ബാധിച്ച അഞ്ചു പേരുടെ ചികിത്സ പൂർണ്ണമായും സൗജന്യമായി ചെയ്തുകൊടുക്കമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ടന്നും ജെറോം പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വധശിക്ഷ സംബന്ധിച്ച വാർത്ത വന്നത്. നിമിഷ പ്രിയക്ക് ഈ മാസം 16ന് വധശിക്ഷ നടപ്പാക്കുമെന്ന വാർത്ത സംബന്ധിച്ച് ഇതേവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന തരത്തിൽ ഇക്കഴിഞ്ഞ മാർച്ച് 29നും വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
നിമിഷയുടെ അന്നത്തെ ശബ്ദസന്ദേശം
“അരമണിക്കൂർ മുൻപ് ഒരു ഫോൺ കോൾ വന്നു. അതൊരു ലോയർ സ്ത്രീയുടേതാണ്. ജയിൽ ഓഫിസിലേക്കു വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്നു പറഞ്ഞു. ചർച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവർ ചോദിച്ചു. ഞാൻ പറഞ്ഞു, ഒന്നുമായില്ല, കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് അവർ പറഞ്ഞത് വധശക്ഷിയുടെ ഓർഡർ ഇവിടെ ജയിൽ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവൽ സാറിനോട് ഒന്നു പറഞ്ഞേക്ക്.”
ഈദ് അവധിക്ക് ശേഷം വധശിക്ഷ നടപ്പാക്കിയേക്കുമെന്ന് വനിതാ അഭിഭാഷക അറിയിച്ചു എന്നായിരുന്നു നിമിഷയുടെ സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു അറിയിപ്പും യെമനിലെ കാര്യങ്ങൾ നോക്കുന്ന സൗദിയിലെ ഇന്ത്യൻ എംബസി അന്നും വ്യക്തമാക്കിയിരുന്നു.
ഈദ് അവധിക്ക് ശേഷം നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ച് വനിതാ അഭിഭാഷക ബന്ധപ്പെട്ടു എന്നായിരുന്നു നിമിഷ പ്രിയയുടെ സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ ഏത് അഭിഭാഷകയാണ് വിളിച്ചതെന്നോ, ഇവർക്ക് എന്താണ് കേസിലെ പങ്ക് എന്നത് സംബന്ധിച്ചോ വ്യക്തത വന്നിട്ടില്ല. നിമിഷ പ്രിയയുടെ വോയ്സും ടെക്സ്റ്റ് മെസേജും ലഭിച്ചതായി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹി ജയൻ എടപ്പാൾ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
നിമിഷ പ്രിയയും ഭർത്താവ് ടോമിയും മെസേജ് അയച്ചിരുന്നതായും ജയൻ പറഞ്ഞു. യെമനിലെ ജയിലിലേക്ക് വിളിച്ച വനിത അഭിഭാഷകയാണ് നിമിഷയോട് സംസാരിച്ചത്. അതേസമയം, ഇനിയുള്ള ദിവസങ്ങളിൽ നിമിഷയുടെ മോചനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്നും ജയൻ പറഞ്ഞു. യെമനിൽ കൂടിയാലോചനകൾ നടക്കുന്നുണ്ട്. വോയ്സ് സന്ദേശം നിമിഷ പ്രിയയുടേതാണെന്നും അദ്ദേഹം പറഞ്ഞു.