കയ്റോ – സ്വന്തം ഭാര്യയായ പ്രശസ്ത മാധ്യമപ്രവര്‍ത്തക ശൈമാ ജമാലിനെ കൊലപ്പെടുത്തി മൃതദേഹം ജീസ ഗവര്‍ണറേറ്റിലെ അല്‍ബദ്‌റശീന്‍ ഏരിയയിലെ കൃഷിയിടത്തില്‍ കുഴിച്ചിട്ട കേസിലെ പ്രതിയായ ജഡ്ജി അയ്മന്‍ അബ്ദുല്‍ഫത്താഹ് മുഹമ്മദ് ഹജാജിന് വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. പ്രതിയുടെ കൂട്ടാളിയും കോണ്‍ട്രാക്ടിംഗ് കമ്പനി ഉടമയുമായ ഹസന്‍ അല്‍ഗറാബ്‌ലിയുടെ വധശിക്ഷയും അപ്പീല്‍ കോടതി ശരിവെച്ചിട്ടുണ്ട്. അപ്പീല്‍ കോടതി വിധിയിലൂടെ പ്രതികള്‍ക്കുള്ള ശിക്ഷ അന്തിമമായി മാറി.
2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ജീസ ഗവര്‍ണറേറ്റിന് തെക്ക് കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ ശൈമാ ജമാലിന്റെ മൃതദേഹം സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തുകയായിരുന്നു. ഇതിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ജഡ്ജി അയ്മന്‍ ഹജാജ് മാധ്യമപ്രവര്‍ത്തകയെ രഹസ്യവിവാഹം ചെയ്തതായി പിന്നീട് വ്യക്തമായി. ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ കൂട്ടാളിയുടെ സഹായത്തോടെ ഭാര്യയെ ജഡ്ജി കൊലപ്പെടുത്തി മൃതദേഹം കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു.
ആളെ തിരിച്ചറിയാതിരിക്കുന്നതിന് ആസിഡ് ഒഴിച്ച് മൃതദേഹം വികൃതമാക്കിയാണ് പ്രതികള്‍ കുഴിച്ചിട്ടത്. തങ്ങള്‍ തമ്മിലെ വിവാഹബന്ധവും ഭര്‍ത്താവിന്റെ രഹസ്യ ബിസിനസുകളും പരസ്യമാക്കുമെന്ന് ശൈമാ ജമാല്‍ ഭീഷണിപ്പെടുത്തിയതും വിവാഹബന്ധം പിരിയാന്‍ 30 ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് ആവശ്യപ്പെട്ടതുമാണ് കൊലപാതകത്തിന് ജഡ്ജിയെ പ്രേരിപ്പിച്ചത്. ഈജിപ്തിലെ നിയമം അനുസരിച്ച് ജഡ്ജിമാര്‍ക്ക് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ച് രഹസ്യമായാണ് ജഡ്ജി ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്.
കൊലപാതകം നടത്താന്‍ സുഹൃത്തായ കോണ്‍ട്രാക്ടിംഗ് കമ്പനി ഉടമയുടെ സഹായം ജഡ്ജി തേടി. 2022 ജൂണ്‍ ന് ശൈമാ ജമാലിനെ അനുനയത്തില്‍ വിജനമായ കൃഷിയിടത്തിലെത്തിച്ച് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി കുഴിച്ചിടുകയായിരുന്നു. കൊലപാതകത്തില്‍ പങ്ക് വഹിക്കുന്നതിന് സുഹൃത്ത് ജഡ്ജിയില്‍ നിന്ന് 3,60,000 ഈജിപ്ഷ്യന്‍ പൗണ്ട് കൈപ്പറ്റിയതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
തനിക്കു നേരെ സംശയമുനകള്‍ ഉയരാതിരിക്കാന്‍, കുറ്റകൃത്യം കണ്ടെത്തുന്നതിനു മുമ്പ്, ഭാര്യയെ കാണാതായതായി അയ്മന്‍ ഹജാജ് സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ദൃക്‌സാക്ഷിയുടെ മൊഴിയിലൂടെ കേസിന് സുരക്ഷാ വകുപ്പുകള്‍ തുമ്പുണ്ടാക്കുകയായിരുന്നു. കുറ്റകൃത്യത്തില്‍ ജഡ്ജിക്ക് പങ്കുള്ളതായാണ് ദൃക്‌സാക്ഷി മൊഴി നല്‍കിയത്. 2022 സെപ്റ്റംബറിലാണ് വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.