സിഡ്നി– ഓസ്‌ട്രേലിയയിൽ സിഡ്നിയുടെ വടക്കൻ തീരപ്രദേശത്ത് വൻസ്രാവിന്റെ മാരക ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മെർക്കുറി സൈലാകിസ് (50) ആണ് കൊല്ലപ്പെട്ടത്. ഇന്ന് 10 മണിയോടെ സുഹൃത്തുക്കളോടൊപ്പം ലോംഗ് റീഫ് ബീച്ചിൽ കരയിൽ നിന്നും വെറും 100 മീറ്റർ അകലെ സർഫിങ് നടത്തുന്നതിനിടെയാണ് വൻ സ്രാവിന്റെ ആക്രമത്തിന് ഇരയായി ഗുരുതരാവസ്ഥയിലായത്. ഉടൻ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ടു കാലുകളെ നഷ്ടപ്പെട്ടതിനെ തുടർന്നുള്ള രക്തസ്രാവമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.
സൈലാകിസ് വളരെ പരിചയസമ്പന്നനായ സർഫറായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വളരെ കുടുംബപ്രിയനായ സൈലാകിസിന് ചെറിയ മകൾ ഉണ്ടെന്നും നാളെ ഓസ്ട്രേലിയയിൽ ഫാദേർസ് ഡേ ആഘോഷിക്കാൻ ഇരിക്കെയുള്ള മരണം വളരെ ദുഃഖകരമാണെന്നും സുഹൃത്തുക്കൾ അറിയിച്ചു.
സംഭവത്തെ തുടർന്ന് കടൽത്തീരങ്ങൾ അടച്ചതായി അധികൃതർ വ്യക്തമാക്കി. സിഡ്‌നിയിൽ അവസാനമായി ഒരാൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2022 ഫെബ്രുവരിയിലായിരുന്നു – 1963 ന് ശേഷം നഗരത്തിലെ ആദ്യത്തെ മാരകമായ സ്രാവ് ആക്രമണമായിരുന്നു അത്.
“എന്നെ കടിക്കരുത്, എന്നെ ദയവായി കടിക്കരുത് ” എന്നു സൈലാകിസ് ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ മാർക്ക് മോർഗൻതാൽ
മാധ്യമങ്ങളോട് പറഞ്ഞു. സ്രാവ് ഏകദേശം ആറു മീറ്ററിൽ കൂടുതൽ നീളമുണ്ടായിരുന്നുവെന്നും മാർക്ക് കൂട്ടിച്ചേർത്തു