ദോഹ – ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സുരക്ഷിത ആശയവിനിമയത്തിനായി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷന്‍സ് സെന്ററിന് കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എ.പി റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ കമ്മ്യൂണിക്കേഷന്‍സ് സെന്ററില്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ (പെന്റഗണ്‍) വക്താവ് ഷോണ്‍ പാര്‍നെല്‍ സമ്മതിച്ചു. അല്‍ഉദൈദ് വ്യോമതാവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ച അന്വേഷണങ്ങള്‍ക്ക് ഖത്തര്‍ മറുപടി നല്‍കിയില്ല.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിനുള്ള പ്രതികാരമായാണ് ജൂണ്‍ 23 ന് ഖത്തര്‍ തലസ്ഥാനമായ ദോഹക്ക് പുറത്തുള്ള അല്‍ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള അമേരിക്കന്‍ ആക്രമണവും അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെ ഇറാന്‍ നടത്തിയ തിരിച്ചടിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തലിലേക്ക് നയിക്കുകയും ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു.
ഇറാന്‍ ആക്രമണം അല്‍ഉദൈദ് വ്യോമതാവളത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയില്ല.
അമേരിക്കയെ മുന്‍കൂട്ടി അറയിച്ച് നടത്തിയ ഇറാന്‍ ആക്രമണത്തിന് മുമ്പ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഫോര്‍വേഡ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന വ്യോമതാവളത്തില്‍ നിന്ന് അമേരിക്ക തങ്ങളുടെ വിമാനങ്ങള്‍ മാറ്റിയിരുന്നു. എപ്പോള്‍, എങ്ങിനെ തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്‍കൂട്ടി സൂചിപ്പിച്ചിരുന്നുവെന്നും ഇതിലൂടെ അമേരിക്കക്കും ഖത്തര്‍ വ്യോമ പ്രതിരോധത്തിനും ആക്രമണത്തിന് തയാറെടുക്കാന്‍ കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെയുള്ള ഇറാന്‍ ആക്രമണം മിഡില്‍ ഈസ്റ്റില്‍ വ്യോമഗതാഗതത്തെ ഹ്രസ്വമായി തടസ്സപ്പെടുത്തി. യുദ്ധ വിശകലന വിദഗ്ധര്‍ ഭയപ്പെട്ടിരുന്നതു പോലെ പ്രാദേശിക യുദ്ധമായി വ്യാപിക്കാന്‍ ഇറാന്‍ ആക്രമണം ഇടയാക്കിയില്ല.
ഇറാന്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ജൂണ്‍ 23 ന് രാവിലെ അല്‍ഉദൈദ് വ്യോമതാവളത്തിലെ കമ്മ്യൂണിക്കേഷന്‍ സെന്ററായ ത്രികോണാകൃതിയിലുള്ള താഴികക്കുടത്തിന്റെ സാന്നിധ്യം പ്ലാനറ്റ് ലാബ്‌സ് പി.ബി.സിയില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു. എന്നാല്‍ ജൂണ്‍ 25 നും അതിനുശേഷവും എടുത്ത ചിത്രങ്ങളില്‍ താഴികക്കുടം ഇല്ലാതായതായി കാണിക്കുന്നു. ഇതിന് സമീപത്തുള്ള ഒരു കെട്ടിടത്തിലും ചില കേടുപാടുകള്‍ കാണാന്‍ കഴിയുന്നുണ്ട്. വ്യോമതാവളത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.