വാഷിംഗ്ടണ്‍ – അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സി.ഐ.എ സോഷ്യല്‍ മീഡിയ വഴി ഇറാന്‍ ഏജന്റുമാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്റലിജന്‍സ് ഏജന്‍സിയെ സുരക്ഷിതമായി ബന്ധപ്പെടാന്‍ താല്‍പ്പര്യമുള്ള ഇറാനികള്‍ക്കായി സി.ഐ.എ സോഷ്യല്‍ മീഡിയയില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ പുതിയ നിര്‍ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.
എക്‌സ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ വഴി സി.ഐ.എ പേര്‍ഷ്യന്‍ ഭാഷയില്‍ സന്ദേശം പോസ്റ്റ് ചെയ്തു. ഇറാന്‍, ചൈന, ഉത്തര കൊറിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്റുമാരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിട്ട് സി.ഐ.എയില്‍ നിന്നുള്ള സന്ദേശ പരമ്പരയിലെ ഏറ്റവും പുതിയതാണിത്. സി.ഐ.എയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന ഇറാനികളോട് അങ്ങിനെ ചെയ്യുന്നതിന് മുമ്പ് സ്വയം പരിരക്ഷിക്കാനും ജോലി സ്ഥലത്തെ കമ്പ്യൂട്ടറുകളോ വ്യക്തിഗത ഫോണുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഉചിതമായ മുന്‍കരുതലുകള്‍ എടുക്കാനും ഏജന്‍സി ആവശ്യപ്പെട്ടു.
സാധ്യമെങ്കില്‍ പുതിയതും ഉപേക്ഷിക്കാന്‍ കഴിയുന്നതുമായ ഉപകരണങ്ങള്‍ ഉപയോഗിക്കുക… നിങ്ങളുടെ ചുറ്റുപാടും ആരൊക്കെയുണ്ടെന്നും നിങ്ങളുടെ സ്‌ക്രീനോ പ്രവര്‍ത്തനമോ ആര്‍ക്കൊക്കെ കാണാന്‍ കഴിയുമെന്നും ശ്രദ്ധിക്കുക – സി.ഐ.എ സന്ദേശത്തില്‍ പറഞ്ഞു. തങ്ങളെ ബന്ധപ്പെടുന്നവര്‍ അവരുടെ സ്ഥാനം, പേര്, തൊഴില്‍ പദവി, തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിവരങ്ങള്‍, കഴിവുകള്‍ എന്നിവ എത്രത്തോളം ഉണ്ട് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് സി.ഐ.എ കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റില്‍ വലിയ തോതില്‍ യു.എസ് സേനയെ വിന്യസിച്ച പശ്ചാത്തലത്തിലാണ് ഏജന്‍സിയുടെ റിക്രൂട്ട്മെന്റ് ശ്രമം. ഇറാന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ജനീവയില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്നാണ് കരുന്നത്.
ചൊവ്വാഴ്ച നടത്തിയ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തില്‍, ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ സ്പോണ്‍സര്‍ എന്ന് വിശേഷിപ്പിച്ച ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ട്രംപ് സാധ്യമായ യു.എസ് ഓപ്പറേഷനുള്ള ന്യായീകരണം വിശദീകരിച്ചു. ആണവായുധം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഇറാന്‍ നിഷേധിക്കുന്നു.



