ഉപരോധങ്ങളും സമ്മര്‍ദ്ദവും സംഘര്‍ഷം പരിഹരിക്കില്ലെന്നും ചൈന
ബീജിംഗ്: ഇറാനെതിരായ യു.എസ് ഉപരോധങ്ങളും സമ്മര്‍ദ്ദവും മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പരിഹരിക്കില്ലെന്ന് ചൈന പറഞ്ഞു. ഇറാന്‍ സമ്പദ്വ്യവസ്ഥയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്കുചേരാന്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അമേരിക്ക പ്രേരിപ്പിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ചൈന സ്വന്തം നിലപാട് വ്യക്തമാക്കിയത്. യുദ്ധം ആരംഭിച്ച് ഏകദേശം ആറ് മാസത്തിന് ശേഷം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ ഇറാന്‍ ഭരണകൂടത്തെ തകര്‍ക്കുമെന്ന് അമേരിക്ക വാദിച്ചു. പരാജയപ്പെടാന്‍ വിധിക്കപ്പെട്ട സാമ്പത്തിക ഭീകരതയായി ഇതിനെ ഇറാന്‍ മുദ്രകുത്തി.
ഉപരോധങ്ങളും സമ്മര്‍ദ്ദവും പ്രശ്നം പരിഹരിക്കാന്‍ സഹായിക്കില്ലെന്ന്, ട്രംപിന്റെ ഭീഷണികളെ കുറിച്ച ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉത്തരവാദിത്തപരമായ നടപടികള്‍ സ്വീകരിക്കാനും രാഷ്ട്രീയ, നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനും ചൈന ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു – ലിന്‍ ജിയാന്‍ പറഞ്ഞു.
ഇറാനു മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താനുള്ള ട്രംപിന്റെ നീക്കത്തെ യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ന്യായീകരിച്ചു. പല സംഭാഷണങ്ങളും സ്വകാര്യമായി നടത്തുന്നതാണ് നല്ലതെന്ന്, ഇറാനെതിരായ ഉപരോധത്തില്‍ പങ്കുചേരാന്‍ ചൈനക്കു മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുമോ എന്ന് ചോദ്യത്തിന് മറുപടിയായി ബെസെന്റ് സി.എന്‍.ബി.സിയോട് പറഞ്ഞു. എന്നാല്‍ പദ്ധതിയുമായി സഹകരിക്കാന്‍ ചൈനയോട് ബെസെന്റ് ആവശ്യപ്പെട്ടു.
ബെസെന്റിന്റെ അഭിപ്രായങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, യുദ്ധം പരിഹരിക്കുന്നതില്‍ എല്ലാ കക്ഷികളും ഉത്തരവാദിത്തപരമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ലിന്‍ ജിയാന്‍ ആവര്‍ത്തിച്ചു. അന്താരാഷ്ട്ര നിയമത്തില്‍ അടിസ്ഥാനമില്ലാത്തതും യു.എന്‍ രക്ഷാ സമിതി അംഗീകരിക്കാത്തതുമായ നിയമവിരുദ്ധമായ ഏകപക്ഷീയമായ ഉപരോധങ്ങളെ ചൈന എതിര്‍ക്കുന്നതായും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.







