ഗാസ സിറ്റി– ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 66 പേർ മരിച്ചതായി ഗാസ സിവില്‍ ഡിഫൻസ് ഏജന്‍സി. ദേർ അല്‍ ബലാഹിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 17 പേരിലും കുട്ടികൾ ഉണ്ടായിരുന്നതായി ഏജൻസി അറിയിച്ചു. മരിച്ചവരിൽ ഒരു വയസ്സുള്ള പിഞ്ച്കുഞ്ഞടക്കം ഉൾപ്പെട്ടതായി യുഎൻ ചിൽഡ്രൻസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി യുനിസെഫും അറിയിച്ചു.
“ഒരു രക്ഷകർത്താവിനും ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടിവരരുത്,”യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പ്രസ്താവനയിൽ പറഞ്ഞു. ജീവൻ രക്ഷാ സഹായം നേടാൻ ശ്രമിക്കുന്ന കുടുംബങ്ങളെ കൊല്ലുന്നത് വിവേകശൂന്യമാണെന്നും അവർ കൂട്ടിച്ചേർത്തു. പോഷകാഹാരക്കുറവ്, അണുബാധ, മറ്റു അസുഖങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ ലഭിക്കുന്നതിനായി എത്തിയ കുട്ടികളെയാണ് ഇസ്രായേൽ ആക്രമിച്ചത്.