തെല്‍അവീവ് – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തോടുള്ള ഹമാസിന്റെ പുതിയ പ്രതികരണത്തെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഇന്നും നാളെയും വിശദമായ ര്‍ച്ചകള്‍ നടത്തുമെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ വെടിനിര്‍ത്തല്‍ യു.എസ് പ്രസിഡന്റ് വ്യക്തിപരമായി പ്രഖ്യാപിക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നു. ഇസ്രായില്‍ മന്ത്രിസഭ ഇന്ന് വൈകുന്നേരം യോഗം ചേര്‍ന്ന് യുദ്ധത്തിന്റെ ഗതിയും വെടിനിര്‍ത്തല്‍ ചര്‍ച്ചകളും സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തുമെന്ന് ഇസ്രായിലി വെബ്സൈറ്റ് കാന്‍ വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് ചില ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ പ്രതികരണത്തില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ ഇസ്രായില്‍ നേതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഇസ്രായിലും ഹമാസും തമ്മിലുള്ള പുതിയ വെടിനിര്‍ത്തല്‍ കരാര്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച വാഷിംഗ്ടണില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ട്രംപ് ശ്രമിക്കുന്നു.
ഗാസയിലെ നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ സംബന്ധിച്ച് മധ്യസ്ഥര്‍ക്ക് മറുപടി സമര്‍പ്പിച്ച ഹമാസ്, കരാര്‍ നടപ്പാക്കുന്നതിനുള്ള സംവിധാനത്തെ കുറിച്ച് ഉടന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍, ഇസ്രായിലി ബന്ദികളെ വിട്ടയക്കല്‍, ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കല്‍, ഇസ്രായിലും ഹമാസും മൃതദേഹങ്ങള്‍ തിരികെ നല്‍കല്‍ എന്നിവ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group