ബെയ്‌റൂത്ത് – പതിനാലു മാസത്തോളം നീണ്ട ശക്തമായ പോരാട്ടത്തിനൊടുവില്‍ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ നാലു മുതലാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്നത്. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ സുരക്ഷാ മന്ത്രിസഭ ഇന്നലെ വൈകീട്ട് അംഗീകരിക്കുകയായിരുന്നു. അറുപതു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പാക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇത് പിന്നീട് സ്ഥിരമായ ഒരു വെടിനിര്‍ത്തല്‍ സന്ധിക്ക് അടിസ്ഥാനമാകും.
ഇസ്രയേലിനെയും ലെബനനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയില്‍ മാരകമായ ഒരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു, 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് ഇസ്രായില്‍ ഗാസ ആരംഭിച്ചതോടെയാണ് ഹിസ്ബുല്ലയും ഇസ്രായിലും തമ്മില്‍ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ ഇതുവരെ 3,823 പേര്‍ കൊല്ലപ്പെടുകയും 15,859 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ലെബനോന്‍ വെടിനിര്‍ത്തല്‍ കരാറിനെ ‘നല്ല വാര്‍ത്ത’യെന്ന് പ്രശംസിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് പറഞ്ഞു. ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നിര്‍ദേശം ഇസ്രായിലും ലെബനോനും അംഗീകരിച്ചതായി ജോ ബൈഡന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു.
യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണും നടത്തിയ ആഴ്ചകളോളം നീണ്ട അശ്രാന്തമായ നയതന്ത്ര ശ്രമങ്ങള്‍ക്കൊവില്‍ സംയുക്ത പ്രസ്താവനയിലാണ് ഇരുവരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പ്രാദേശിക സമാധാനത്തിനായി ശത്രുത അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും ഊന്നിപ്പറഞ്ഞു.
വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചതായി ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കരാറിന്റെ അന്തിമ രൂപത്തെക്കുറിച്ച് വിയോജിപ്പുകള്‍ പ്രകടിപ്പിച്ചു. ലെബനീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ആശയവിനിമയത്തില്‍ തങ്ങള്‍ ഉന്നയിച്ച നിബന്ധനകളുമായി കരാര്‍ ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കരാര്‍ അവലോകനം ചെയ്യുമെന്ന് ഹിസ്ബുല്ല പൊളിറ്റിക്കല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മഹ്മൂദ് ഖമാതി പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ബെയ്‌റൂത്തിലും തെക്കന്‍ ലെബനോനിലും ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തി. ഈ ആക്രമണങ്ങളില്‍ 42 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹിസ്ബുല്ലയെയും ഹമാസിനെയും പിന്തുണക്കുന്ന ഇറാന്‍ ഉള്‍പ്പെടുന്ന വിശാലമായ യുദ്ധത്തിനുള്ള സാധ്യത വെടിനിര്‍ത്തല്‍ കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗാസ യുദ്ധത്തെ വെടിനിര്‍ത്തല്‍ കരാര്‍ പരാമര്‍ശിക്കുന്നില്ല. ഗാസയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായി തുടരുന്നുകയാണ്. ഇതിന് ഉടനടി പരിഹാരം കാണാന്‍ കഴിയുന്നില്ല.
കരാര്‍ ശാശ്വതമാകാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ആക്രമണം പുനരാരംഭിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെന്ന് യു.എസ് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. ഹിസ്ബുല്ലയുടെ ഭാഗത്തു നിന്നുള്ള ഏത് കരാര്‍ ലംഘനത്തിനും ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.