അങ്കാറ– മുഹമ്മദ് നബിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തുര്‍ക്കി മാസികയിലെ മാധ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ആക്ഷേപഹാസ്യ മാസികയായ ലീ-മാന്‍ മാസികയിലെ കാര്‍ട്ടൂണിസ്റ്റ് ഡി.പി (ഡോഹൻ പെഹ്ലെവന്‍) ഗ്രാഫിക് ഡിസൈനര്‍, മാഗസിന്‍ ചീഫ് എഡിറ്റര്‍, സ്ഥാപന ഡയറക്ടര്‍ എന്നിങ്ങനെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. കാര്‍ട്ടൂണിനെതിരെ പ്രതിഷേധമായി രംഗത്തെത്തിയ ആളുകള്‍ മാസികയുടെ ഓഫീസ് തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ എക്‌സില്‍ പോസ്റ്റ് ചെയ്തു. മാഗസിനിലെ കാര്‍ട്ടൂണില്‍ പ്രവാചകന്‍ മുഹമ്മദ് നബിയും മോശയും ആകാശത്ത് നിന്ന് മിസൈലുകള്‍ക്കിടയിലൂടെ ആശംസകള്‍ കൈമാറുന്ന ദൃശ്യമാണ് പ്രസിദ്ധീകരിച്ചത്.
തുർക്കിഷ് നിയമപ്രകാരം ആര്‍ട്ടിക്കിള്‍ 216 പൊതു ജനങ്ങളെ തരംതാഴ്ത്തുന്ന രൂപത്തില്‍ വെറുപ്പും ശത്രുതയും വളര്‍ത്തുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒരു വിശ്വാസത്തിന്റെ പവിത്രമായ മതമൂല്യങ്ങളെ അപമാനിക്കുന്ന രീതിയില്‍ നര്‍മ്മ വിഷയമാക്കാനുള്ള അവകാശം ആര്‍ക്കും നല്‍കുന്നില്ലെന്ന് തുര്‍ക്കി നീതിന്യായ മന്ത്രി യില്‍മാസ് ടങ്ക് പറഞ്ഞു. സമൂഹമാധ്യമങ്ങളിലും തെരുവുകളിലും നൂറുകണക്കിന് ആളുകളാണ് മാസികക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാല്‍ തങ്ങളുടെ മാസികയില്‍ മുഹമ്മദ് നബിയെ പരാമര്‍ശിച്ചിട്ടില്ലെന്ന് ലീമാന്‍ അധികൃതര്‍ വ്യക്തമാക്കി. ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുസ്ലിമിന്റെ കഷ്ടപ്പാടാണ് ഡി.പി കാര്‍ട്ടൂണിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മാസികക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ചില അക്കൗണ്ടുകള്‍ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിഷേധം ഉണ്ടാക്കിയതെന്നും നീതിന്യായ വകുപ്പ് അധികാരികളോട് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗണ്ട് ബോര്‍ഡര്‍ പ്രസിദ്ധീകരിച്ച 2024ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ 158ാം സ്ഥാനത്താണ് തുര്‍ക്കി. 159 സ്ഥാനത്താണ് ഇന്ത്യ.