ന്യൂദല്‍ഹി: വിദേശികള്‍ക്ക് കാനഡ അനുവദിച്ചിരുന്ന 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശക വിസ നിര്‍ത്തലാക്കി. ഇനി ഷെങ്കന്‍ മാതൃകയില്‍ യോഗ്യതകളും യാത്രക്കാരുടെ ആവശ്യങ്ങളും പരിഗണിച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്ന കാലവധിക്കു മാത്രമെ സന്ദര്‍ശക വിസ ലഭിക്കൂ. ഇതു കൂടുതലും ഹ്രസ്വകാല വിസയായിരിക്കും. സിംഗിള്‍ എന്‍ട്രി, അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും ഇമിഗ്രേഷന്‍ ഓഫീസര്‍ തീരുമാനിക്കും. ഇതുവരെ കാനഡ പിന്തുടര്‍ന്നിരുന്നത് യുഎസ് മാതൃകയിലുള്ള സന്ദര്‍ശക വിസയായിരുന്നു. സന്ദർശക വിസ ആണെങ്കിലും ഇതൊരു താൽക്കാലിക റെഡിഡന്റ് വിസ ആയിരുന്നു. വിദേശികൾക്ക് ഇത് ഏറെ ഗുണകരമായിരുന്നു.
കാനഡയിലെ ഏറ്റവും വലിയ പ്രവാസ സമൂഹമായ ഇന്ത്യക്കാര്‍ക്ക് ഈ നയം മാറ്റം തിരിച്ചടിയാകും. ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ നീണ്ട വിസ നടപടിക്രമങ്ങളിലൂടെയാണ് കടന്നു പോകേണ്ടി വരുന്നത്. ഇന്ത്യയിലെ കാനഡ കോണ്‍സുലേറ്റില്‍ ജീവനക്കാര്‍ വേണ്ടത്ര ഇല്ലാത്തതാണ് വിസ നടപടികള്‍ നീണ്ടു പോകുന്നതിനു കാരണം. കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇന്ത്യയില്‍ നിന്ന് ഏറെ പേരും കാനഡയിലേക്ക് സന്ദര്‍ശക വിസയില്‍ പോകുന്നത്. ടൂറിസ്റ്റുകളാണ് മറ്റൊരു വലിയ വിഭാഗം.
പാസ്‌പോര്‍ട്ടിന്റെ കാലാവധി അനുസരിച്ച് 10 വര്‍ഷം വരെ കാലാവധിയുള്ള വിസയാണ് കാനഡ അനുവദിച്ചു വന്നിരുന്നത്. എഴ് വര്‍ഷമാണ് പാസ്‌പോര്‍ട്ട് കാലവധി ബാക്കിയുള്ളതെങ്കില്‍ ഏഴു വര്‍ഷത്തേക്ക് വിസ ലഭിക്കുമായിരുന്നു. ഈ സംവിധാനമാണ് അവസാനിപ്പിച്ചിരിക്കുന്നത്.
ഇമിഗ്രേഷന്‍ ഓഫീസറാണ് വിസ കാലാവധി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത എന്നതിനാല്‍ അപേക്ഷകരെ വിശദമായി പരിശോധിച്ച്, ആവശ്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും വിസ കാലാവധി നിശ്ചയിക്കുക.