മക്ക – മക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങളുടെ സന്ദര്‍ശനം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ട് മക്ക റോയല്‍ കമ്മീഷന്‍ ബസ് ടൂറുകള്‍ സംഘടിപ്പിക്കുന്നു. പ്രത്യേക ബസുകളും കാര്യക്ഷമവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഗതാഗത സേവനങ്ങളും വഴി മക്കയിലെ പ്രധാനപ്പെട്ട ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉംറ തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ക്ക് അവസരമൊരുക്കിയാണ് ബസ് ടൂറുകള്‍ സംഘടിപ്പിക്കുന്നത്.
ക്ലോക്ക് ടവര്‍ മ്യൂസിയം, പ്രവാചകന്റെ ജീവചരിത്രത്തിന്റെയും ഇസ്‌ലാമിക നാഗരികതയുടെയും അന്താരാഷ്ട്ര മ്യൂസിയം, വിശുദ്ധ ഖുര്‍ആന്‍ മ്യൂസിയവും വെളിപാട് പ്രദര്‍ശനവും ഉള്‍പ്പെടുന്ന ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ട്, പ്രധാന റെസ്റ്റോറന്റുകള്‍, മാര്‍ക്കറ്റുകള്‍, കഫേകള്‍ എന്നിവയുടെ സന്ദര്‍ശനം ടൂറില്‍ ഉള്‍പ്പെടുന്നു.
സാംസ്‌കാരിക, പൈതൃക, പുരാവസ്തു കേന്ദ്രങ്ങള്‍ അടങ്ങിയ മക്കയും, ഇസ്‌ലാമിക പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയങ്ങളും ചരിത്ര പ്രധാനമായ മസ്ജിദുകളും അടുത്തറിയാനുള്ള അവസരം ടൂറുകള്‍ നല്‍കുന്നു. ക്ലോക്ക് ടവര്‍ ഹോട്ടല്‍, അബ്‌റാജ് മക്ക ഹോട്ടല്‍, ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ട് എന്നീ മൂന്നു കേന്ദ്രങ്ങളില്‍ നിന്നാണ് ബസ് ടൂറുകള്‍ പുറപ്പെടുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മാത്രമായിരിക്കും ടൂറുകള്‍ ഉണ്ടാവുക.
മക്ക ജീവിക്കുന്ന പൈതൃകം എന്ന ശീര്‍ഷകത്തിലുള്ള പുതിയ പ്രമോഷണല്‍ കാമ്പെയ്ന്‍ മക്ക റോയല്‍ കമ്മീഷന്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. മക്കയിലെ ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങളെ ഉയര്‍ത്തിക്കാട്ടുകയും, നഗര സ്വത്വത്തിന്റെയും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ചരിത്രത്തിന്റെയും ജീവസ്സുറ്റ ഭാഗമെന്നോണം സന്ദര്‍ശകരുടെയും സൗദി നിവാസികളുടെയും മനസ്സുകളില്‍ അവയുടെ സാന്നിധ്യം ശക്തമാക്കാനുമാണ് ഈ കാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നത്.