കയ്‌റോ – ഈജിപ്തിലെ ബ്രിട്ടീഷ് എംബസി കെട്ടിടത്തിന് ചുറ്റുമുള്ള സുരക്ഷാ ബാരിക്കേഡുകള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ട ബ്രിട്ടീഷ് എംബസി രണ്ട് ദിവസത്തിനു ശേഷം വീണ്ടും തുറന്ന് സേവനങ്ങള്‍ പുനരാരംഭിച്ചു.
ഈജിപ്ഷ്യന്‍ അധികൃതരുമായി ആശയവിനിമയങ്ങള്‍ നടത്തിയ ശേഷം ഈജിപ്തിലേക്കുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്കുള്ള യാത്രാ ഉപദേശം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും എംബസി തുറന്നതായും പൂര്‍ണമായ സേവനങ്ങള്‍ നല്‍കുന്നത് തുടരുന്നതായും എംബസി പ്രസ്താവനയില്‍ പറഞ്ഞു.
ഈജിപ്ഷ്യന്‍ അധികൃതര്‍ ബ്രിട്ടീഷ് എംബസി കെട്ടിടത്തിന് പുറത്തുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കു ശേഷം എംബസി അടച്ചിടുകയായിരുന്നു. കയ്റോയിലെ എംബസി ആസ്ഥാനത്തിന് പുറത്തുള്ള സുരക്ഷാ ബാരിക്കേഡുകള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നീക്കം ചെയ്തതായും ഈ മാറ്റങ്ങളുടെ ആഘാതം അവലോകനം ചെയ്യുന്നതുവരെ പ്രധാന എംബസി കെട്ടിടം അടച്ചിടുമെന്നും എംബസി ഞായറാഴ്ച അറിയിക്കുകയായിരുന്നു.പ്രദേശത്തെയും ചുറ്റുമുള്ള തെരുവുകളിലെയും ഗതാഗതം സുഗമമാക്കാനാണ് കയ്റോയിലെ ഗാര്‍ഡന്‍ സിറ്റി പ്രദേശത്തെ ബ്രിട്ടീഷ് എംബസിക്ക് ചുറ്റുമുള്ള കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നീക്കം ചെയ്തതെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ പറഞ്ഞു.
ലണ്ടനിലെ ഈജിപ്ഷ്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന്, വിയന്ന കണ്‍വെന്‍ഷന്‍ അനുസരിച്ച് ഈജിപ്ഷ്യന്‍ എംബസികള്‍ക്ക് സംരക്ഷണം നല്‍കാത്ത രാജ്യങ്ങള്‍ക്കെതിരെ പ്രതികരിക്കാനും തത്തുല്യ നടപടി സ്വീകരിക്കാനും ഈജിപ്തിന് അവകാശമുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആത്തി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കയ്‌റോ ബ്രിട്ടീഷ് എംബസിക്ക് ചുറ്റുമുള്ള കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നീക്കം ചെയ്യുകയും പ്രതികരണമായി ബ്രിട്ടീഷ് എംബസി അടച്ചിടുകയും ചെയ്തത്.