ലണ്ടന്‍ – ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി ബ്രിട്ടന്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തീരുമാനത്തിന്റെ ആഘാതം ലഘൂകരിക്കാനായി ഹമാസിനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ബ്രിട്ടൻ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെത്തുടർന്ന് ഉയർന്നുവരുന്ന വിമർശനങ്ങൾ ലഘൂകരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഹമാസിനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ടെലിഗ്രാഫും റിപ്പോര്‍ട്ട് ചെയ്തു. ഹമാസിനെതിരായ ഉപരോധങ്ങളുടെ പ്രഖ്യാപനം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രീതിപ്പെടുത്താനുള്ള ശ്രമമായി കാണപ്പെടുമെന്നും പത്രം സൂചിപ്പിച്ചു.
ദിവസങ്ങള്‍ക്കു മുമ്പ് നടത്തിയ ഔദ്യോഗിക ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ ഈ വിഷയത്തില്‍ ബ്രിട്ടന്റെ നിലപാടിനെ ട്രംപ് പരസ്യമായി വിമര്‍ശിച്ചിരുന്നു. ഉപരോധങ്ങള്‍ വൈറ്റ് ഹൗസിനെ പ്രീതിപ്പെടുത്താനുള്ള അവസാന നിമിഷത്തെ ദുര്‍ബലമായ ശ്രമം മാത്രമാണെന്ന് ഷാഡോ വിദേശ മന്ത്രി പ്രീതി പട്ടേല്‍ പറഞ്ഞു. പോര്‍ച്ചുഗലും ഇന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് യു.എന്‍ ആസ്ഥാനത്ത് സൗദി അറേബ്യയുടെയും ഫ്രാന്‍സിന്റെയും സംയുക്ത അധ്യക്ഷതയില്‍ നാളെ നടക്കുന്ന ദ്വിരാഷ്ട്ര പരിഹാര പ്രോത്സാഹന ഉച്ചകോടിയില്‍ ഫ്രാന്‍സും കാനഡയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.