ലണ്ടന്‍ – ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ആണ് ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഇത് ബ്രിട്ടന്റെ വിദേശനയത്തിലെ സമൂലമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു.
ഇന്ന്, ഫലസ്തീനികള്‍ക്കും ഇസ്രായിലികള്‍ക്കും സമാധാനത്തിനായുള്ള പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിനുമായി, യുണൈറ്റഡ് കിംഗ്ഡം ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു – എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രസംഗത്തില്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ഇസ്രായിലിനെ പുതിയ രാഷ്ട്രമായി സ്ഥാപിച്ചതിലുള്ള ബ്രിട്ടന്റെ നിര്‍ണായക പങ്ക് കണക്കിലെടുക്കുമ്പോള്‍ ഈ തീരുമാനം പ്രതീകാത്മക പ്രാധാന്യം വഹിക്കുന്നു.
തന്റെ രാജ്യം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പ്രഖ്യാപിച്ചു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് തടയാന്‍ ഇസ്രായില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ കാനഡ അംഗീകരിച്ചത് ദ്വിരാഷ്ട്ര പരിഹാരം നേടാനുള്ള ഏകോപിത അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമാസ് പ്രസ്ഥാനം എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ആയുധം ഉപേക്ഷിക്കുകയും ഭാവിയില്‍ ഫലസ്തീന്‍ ഭരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
ഓസ്ട്രേലിയയും ഇന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു. ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് ഓസ്‌ട്രേലിയ പ്രസ്താവിച്ചു.
ഫലസ്തീനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതും എംബസികള്‍ തുറക്കുന്നതും പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കുന്നു. ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണം, ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ശേഷി വര്‍ധിപ്പിക്കല്‍, ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കല്‍ എന്നിവ സാധ്യമാക്കുന്ന സമാധാന പദ്ധതി വികസിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിനെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു. ഇത് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന് വഴിയൊരുക്കും. ഈ അംഗീകാരം യു.എന്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള പാതയിലെ പ്രധാനപ്പെട്ടതും ആവശ്യമായതുമായ ചുവടുവെപ്പാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു. വെടിനിര്‍ത്തല്‍, ഗാസയില്‍ സഹായം എത്തിക്കല്‍, എല്ലാ ബന്ദികളെയും തടവുകാരെയും മോചിപ്പിക്കല്‍, ഗാസ മുനമ്പില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കല്‍, ഫലസ്തീന്‍ രാജ്യം അതിന്റെ പൂര്‍ണ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കല്‍, വീണ്ടെടുക്കലും പുനര്‍നിര്‍മാണവും ആരംഭിക്കല്‍, ജൂതകുടിയേറ്റ പ്രവര്‍ത്തനങ്ങളും കുടിയേറ്റ ഭീകരതയും അവസാനിപ്പിക്കല്‍ എന്നിവയാണ് ഇപ്പോഴത്തെ മുന്‍ഗണനകള്‍ എന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നിവ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിനെ ഫലസ്തീന്‍ വിദേശ മന്ത്രാലയം സ്വാഗതം ചെയ്യുകയും മൂന്ന് രാജ്യങ്ങളുമായി ഏറ്റവും അടുത്തതും ആത്മാര്‍ഥവുമായ ബന്ധം സ്ഥാപിക്കാനുള്ള സന്നദ്ധതയും സുസജ്ജതയും പ്രഖ്യാപിക്കുകയും ചെയ്തു.
ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നിവ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു. ശാന്തത കൈവരിക്കാനും സംഘര്‍ഷം പരിഹരിക്കുന്നതിന് രാഷ്ട്രീയ ചക്രവാളം സൃഷ്ടിക്കാനുമുള്ള ശരിയായ സമീപനമാണ് യുദ്ധം അവസാനിപ്പിക്കുന്നതെന്നും ഫലസ്തീന്‍ വിദേശ മന്ത്രാലയം പറഞ്ഞു. കാനഡ, ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിനെ ഫലസ്തീന്‍ ജനതയുടെ ജീവിതത്തിലെയും അവരുടെ നിയമാനുസൃത അവകാശങ്ങളിലെയും ചരിത്ര ദിനമായി ഫലസ്തീന്‍ വൈസ് പ്രസിഡന്റ് ഹുസൈന്‍ അല്‍ശൈഖ് വിശേഷിപ്പിച്ചു. പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നിവ കഴിഞ്ഞ വര്‍ഷം തന്നെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു.
അതേസമയം, ബിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് ഹമാസിനുള്ള പാരിതോഷികമാണെന്ന് ഇസ്രായില്‍ വിദേശ മന്ത്രാലയം പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ നേരിട്ടുള്ള ഫലമാണ് ഈ അംഗീകാരമെന്ന് ഹമാസ് നേതാക്കള്‍ പരസ്യമായി അംഗീകരിക്കുന്നതായും ഇസ്രായില്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ലജ്ജാകരമാണെന്ന് ഇസ്രായേലി നെസെറ്റ് സ്പീക്കര്‍ അമീര്‍ ഒഹാന വിശേഷിപ്പിച്ചു. ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നിവ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പശ്ചാത്തലത്തില്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിന് തിരിച്ചടിയായി, ജൂഡിയയിലും സമരിയയിലും (വെസ്റ്റ് ബാങ്കിന്റെ ബൈബിള്‍ നാമം) പൂര്‍ണ ഇസ്രായിലി പരമാധികാരം അടിച്ചേല്‍പ്പിക്കാനും ഫലസ്തീന്‍ അതോറിറ്റിയെ പിരിച്ചുവിടാനും ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് ബെന്‍-ഗ്വിര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ പരമാധികാരം അടിച്ചേല്‍പ്പിക്കാനുള്ള നിര്‍ദേശം അടുത്ത മന്ത്രിസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നതായും ബെന്‍-ഗ്വിര്‍ കൂട്ടിച്ചേര്‍ത്തു.