ഗാസ – തെക്കന്‍ ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. കഴിഞ്ഞയാഴ്ച പരിക്കേറ്റ മറ്റൊരു സൈനികന്‍ മരിച്ചതിനു പിന്നാലെയാണ് ഗാസയില്‍ ഏറ്റുമുട്ടലില്‍ ഇന്ന് രണ്ടു സൈനികര്‍ കൂടി കൊല്ലപ്പെട്ടത്.
നമ്മുടെ മൂന്ന് വീരന്മാരെ നമുക്ക് നഷ്ടപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്കും നമ്മുടെ എല്ലാ ബന്ദികളുടെയും തിരിച്ചുവരവിനും വേണ്ടിയാണ് അവര്‍ ജീവന്‍ ബലിയര്‍പ്പിച്ചത് – ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായില്‍ കാറ്റ്സ് ട്വിറ്ററില്‍ പറഞ്ഞു. ഗോലാനി ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ 51-ാം ബറ്റാലിയനില്‍ സേവനമനുഷ്ഠിച്ച 20 ഉം 22 ഉം വയസ്സുള്ള രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ കവചിത വാഹനം പൊട്ടിത്തെറിച്ചാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ഇസ്രായിലി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
തുരങ്കത്തില്‍ നിന്ന് പുറത്തുന്നുവന്ന ആയുധധാരി പൊട്ടിച്ച ബോംബാണ് സ്ഫോടനത്തിന് കാരണമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് നടന്ന മറ്റൊരു സംഭവത്തില്‍, തെക്കന്‍ ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനും റിസര്‍വിസ്റ്റും ഗുരുതരമായി പരിക്കേറ്റതായി സൈന്യം പറഞ്ഞു.
2023 നവംബര്‍ 27 ന് ഗാസയില്‍ കരയാക്രമണം ആരംഭിച്ച ശേഷം 462 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഹമാസ് ആക്രമണത്തില്‍ 1,219 പേര്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സിവിലിയന്മാരായിരുന്നെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹമാസ് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയില്‍ 59,821 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.