തെൽഅവീവ് – ഗാസയിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇസ്രായിലുമായി നയതന്ത്രം വിച്ഛേദിച്ച ബൊളീവിയ രണ്ട് വർഷത്തിനു ശേഷം വീണ്ടും ബന്ധം പുനരാരംഭിക്കാനുള്ള കരാറിൽ ഒപ്പുവെക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള കരാറിൽ ഒപ്പുവെക്കുന്ന വിവരം ഇസ്രായിൽ വിദേശ മന്ത്രാലയമാണ് അറിയിച്ചത്. ഇസ്രായിൽ വിദേശ മന്ത്രി ഗിഡിയോൺ സാഅറും ബോളീവിയൻ വിദേശ മന്ത്രി ഫെർണാണ്ടോ അരമായോയും വാഷിംഗ്ടണിൽവെച്ച് കരാറിൽ ഒപ്പുവെക്കുമെന്നും ഇസ്രായിൽ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ബൊളീവിയയും ഇസ്രായിലും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബൊളീവിയൻ വിദേശ മന്ത്രി എക്സ് പ്ലാറ്റ്‌ഫോമിൽ പ്രസ്താവിച്ചു. 2023 ഒക്ടോബർ ഏഴിന് ഹമാസിന്റെ പ്രതിരോധ ആക്രമണത്തെ തുടർന്ന് ഗാസയിൽ ഇസ്രായിൽ ആരംഭിച്ച മനുഷ്യത്വ രഹിതമായ ആക്രമണത്തെ തുടർന്ന് നയതന്ത്ര ബന്ധം വിച്ഛേദിച്ച ലാറ്റിൻ അമേരിക്കയിലെ ആദ്യ രാജ്യം ബൊളീവിയ ആയിരുന്നു. ഇടതുപക്ഷ പ്രസിഡന്റ് ലൂയിസ് ആർസിന്റെ മുൻ സർക്കാരാണ് ഇസ്രായിലുമായുള്ള ബന്ധം വിച്ഛേദിച്ചത്. അന്ന്, ആർസ് സർക്കാരിന്റെ തീരുമാനത്തെ ഇസ്രായിൽ ശക്തമായി വിമർശിച്ചു. ബൊളീവിയൻ സർക്കാരിന്റെ നടപടി ഭീകരതക്കുള്ള കീഴടങ്ങൽ ആണെന്ന് ഇസ്രായിൽ വിശേഷിപ്പിച്ചു. ബൊളീവിയൻ സർക്കാർ തീരുമാനത്തെ ഹമാസ് സ്വാഗതം ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ, യാഥാസ്ഥിതിക പ്രസിഡന്റ് റോഡ്രിഗോ പാസിന്റെ നേതൃത്വത്തിലുള്ള പുതിയ മധ്യ-വലതുപക്ഷ സർക്കാരിന് ബൊളീവിയക്കാർ വോട്ട് ചെയ്തു. ഇതോടെ ഏകദേശം 20 വർഷത്തെ ഇവോ മൊറേൽസിന്റെയും ലൂയിസ് ആർസിന്റെയും കീഴിലുള്ള സോഷ്യലിസ്റ്റ് ഭരണം അവസാനിച്ചു.
ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം പുനരാരംഭിക്കുമെന്ന് ഇസ്രായിൽ വിദേശ മന്ത്രി അറിയിച്ചു. ബൊളീവിയൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹവുമായി സംസാരിച്ചതായും ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയ അധ്യായം തുറക്കാനുള്ള ഇസ്രായിലിന്റെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു. ഇസ്രായിലി വിനോദസഞ്ചാരികൾക്കുള്ള വിസ ആവശ്യകതകൾ ഒഴിവാക്കാനുള്ള ബൊളീവിയയുടെ സമീപകാല തീരുമാനത്തെയും ഗിഡിയോൺ സാഅർ സ്വാഗതം ചെയ്തു.
ഗാസ മുനമ്പിലെ ഇസ്രായിൽ ആക്രമണത്തിൽ പ്രതിഷേധിച്ച് മുൻ ഇടതുപക്ഷ പ്രസിഡന്റ് ഇവോ മൊറേൽസിന്റെ കീഴിൽ 2009 ൽ ബൊളീവിയ ഇസ്രായിലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. 2019 നവംബറിൽ വലതുപക്ഷ ഇടക്കാല സർക്കാരാണ് ബൊളീവിയയും ഇസ്രായിലും തമ്മിലുള്ള നയതന്ത്ര ബന്ധം പിന്നീട് പുനഃസ്ഥാപിച്ചത്.



