ജിദ്ദ – ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണും ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഇസ്രായിലിനോട് ആവശ്യപ്പെട്ടു. ഇസ്രായിലി ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കേണ്ടതിന്റെയും ഗാസ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെയും മാനുഷിക സഹായം സിവിലയന്മാരില്‍ എത്തുന്നത് ഉറപ്പേണ്ടതിന്റെയും അടിയന്തിര ആവശ്യം നേതാക്കള്‍ ഊന്നപ്പറഞ്ഞതായി നാലു നേതാക്കളും ബെര്‍ലിനില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ജര്‍മനി പറഞ്ഞു.
മധ്യപൗരസ്ത്യദേശത്തെ സംഭവവികാസങ്ങള്‍, വിശിഷ്യാ യഹ്‌യ അല്‍സിന്‍വാറിന്റെ വധത്തിന്റെ പ്രത്യാഘാതങ്ങള്‍ നേതാക്കള്‍ വിശകലനം ചെയ്തു. ലെബനോന്‍ സംഘര്‍ഷവും നേതാക്കള്‍ വിശകലനം ചെയ്തു. ഇസ്രായിലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെ നേതാക്കള്‍ അപലപിച്ചു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയും ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയും ഇറാന്‍ ജനറലും കൊല്ലപ്പെട്ടതിന് തിരിച്ചടിയെന്നോണം ഈ മാസം ഒന്നിന് ഇറാന്‍ ഇസ്രായിലിനു നേരെ 200 ഓളം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു.
നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതു വരെ റഷ്യക്കെതിരായ യുദ്ധത്തില്‍ ഉക്രൈനെ പിന്തുണക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കന്‍, ഫ്രഞ്ച്, ജര്‍മന്‍, ബ്രിട്ടീഷ് നേതാക്കള്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭാ ചാര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കി, പരമാധികാരത്തിനും പ്രാദേശിക സമഗ്രതക്കും വിധേയമായി, നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളില്‍ ഉക്രൈനെ പിന്തുണക്കുന്നത് തുടരുമെന്നും നാലു നേതാക്കളും പറഞ്ഞു.