തെല്‍അവീവ് – ഗാസ സിറ്റി നിവാസികള്‍ ഉടന്‍ തന്നെ സ്ഥലം വിടണമെന്ന് ആവശ്യപ്പെട്ട് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കാനുള്ള ഇസ്രായില്‍ നീക്കത്തിൻ്റെ ഭാഗമായാണ് നെതന്യാഹുവിൻ്റെ ഈ പ്രഖ്യാപനം. ‘ഗാസ നിവാസികളോട് ഞാന്‍ പറയുന്നു, ഈ അവസരം ഞാൻ ഉപയോഗപ്പെടുത്തുകയാണ്, നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, ഇപ്പോള്‍ തന്നെ സ്ഥലം വിടൂ’ – നെതന്യാഹു പറഞ്ഞു. ഗാസ സിറ്റിയില്‍ സൈന്യത്തെ വിന്യസിച്ചതായും നെതന്യാഹു പറഞ്ഞു.
ഈ ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് മുന്നില്‍ ഐക്യരാഷ്ട്രസഭ സ്ഥാപനങ്ങള്‍, പ്രധാനമായും യു.എന്‍ സമിതി കാണിക്കുന്ന നിശബ്ദതയെയും കഴിവില്ലായ്മയെയും ഹമാസ് വിമര്‍ശിച്ചു.
ബന്ദികളെ മോചിപ്പിക്കാനും ആയുധങ്ങള്‍ ഉപേക്ഷിക്കാനും ഇന്നലെ ഹമാസിന് ഇസ്രായില്‍ അന്തിമ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒഴിഞ്ഞില്ലെങ്കിൽ ഗാസ നശിപ്പിക്കുമെന്നും ഹമാസ് ഇല്ലാതാക്കുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് ഭീഷണിപ്പെടുത്തി.
‘ബന്ദികളെ വിട്ടയക്കുക, ആയുധങ്ങള്‍ താഴെവെക്കുക, അല്ലെങ്കില്‍ ഗാസ നശിപ്പിക്കപ്പെടും, നിങ്ങള്‍ ഇല്ലാതാക്കപ്പെടും’ – യിസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്തിമ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രായില്‍ പ്രതിരോധ മന്ത്രി എക്‌സിലൂടെ ഇക്കാര്യം പറഞ്ഞത്.
പലായനം ചെയ്ത നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന മധ്യ ഗാസ നഗരത്തിലെ 12 നില കെട്ടിടം ഇസ്രായില്‍ സൈന്യം ഇന്നലെ തകര്‍ത്തു. അതിനിടെ, ഗാസ സിറ്റിയിലെ സൈനിക ക്യാമ്പിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഗാസ നഗരത്തിലെ കഫര്‍ ജബാലിയ പ്രദേശത്തെ സൈനിക ക്യാമ്പില്‍ മൂന്ന് ഹമാസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.