ഏദൻ – ഏദൻ വിമാനത്താവളം വഴി 28 കോടിയിലേറെ ഡോളർ വിദേശത്തേക്ക് കടത്താനുള്ള ഹൈദ്രൂസ് അൽസുബൈദിയുടെ നേതൃത്വത്തിലുള്ള സതേൺ ട്രാൻസിഷണൽ കൗൺസിൽ നേതാക്കളുടെ ശ്രമം തടഞ്ഞതായി യെമൻ വൃത്തങ്ങൾ വെളിപ്പെടുത്തി. യാത്രക്കാരുടെയും ബാഗേജുകളുടെയും പരിശോധന ശക്തമാക്കിയത് ഉൾപ്പെടെ സമീപ മണിക്കൂറുകളിൽ ഏദൻ വിമാനത്താവളത്തിൽ കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളം വഴി 28 കോടിയിലേറെ ഡോളർ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനെ കുറിച്ച വിവരങ്ങളെ തുടർന്നാണ് എയർപോർട്ടിൽ പരിശോധനാ, സുരക്ഷാ നടപടികൾ ശക്തമാക്കിയത്. സ്ഥാപിത നിയമങ്ങൾക്കനുസൃതമായാണ് ബന്ധപ്പെട്ട വകുപ്പുകൾ സാഹചര്യം കൈകാര്യം ചെയ്തത്.
ഇടക്കാല തലസ്ഥാനമായ ഏദനിലെ രാഷ്ട്രീയ, സുരക്ഷാ സംഭവവികാസങ്ങൾക്കിടയിൽ ഫണ്ടുകളുടെ നീക്കം നിരീക്ഷിക്കാനും നിയമം പാലിക്കുന്നത് ഉറപ്പാക്കാനുമുള്ള പുതിയ സമീപനത്തിന്റെ ഭാഗമായാണ് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയത്.
അതിനിടെ, യു.എ.ഇയിലെ അബുദാബിയിൽ നിന്നും ദുബൈയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് യെമൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള യെമൻ സർക്കാരിന്റെ തീരുമാനം സംഘർഷം ലഘൂകരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചു.



