ജിദ്ദ – മധ്യഗാസയില്‍ അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂളിനു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലെ സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ 11 മാസം മാത്രം പ്രായമുള്ള കുഞ്ഞ് അടക്കം ഏഴു കുട്ടികളും മൂന്നു സ്ത്രീകളുമുണ്ട്. അഭയാര്‍ഥി ക്യാമ്പുകളാക്കി മാറ്റിയ സ്‌കൂളുകള്‍ ലക്ഷ്യമിട്ട് സമീപ കാലത്ത് ഇസ്രായില്‍ നിരവധി തവണ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സിവിലിയന്മാര്‍ക്കിടയില്‍ ഒളിച്ചുകഴിയുന്ന പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് ഇസ്രായില്‍ പറയുന്നത്.
ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഗാസ യുദ്ധത്തില്‍ 42,000 ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. കൊല്ലപ്പെട്ടവരില്‍ പകുതിയും സ്ത്രീകളും കുട്ടികളുമാണ്. 17,000 പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായിലി സൈന്യം പറയുന്നു. ഇതിനുള്ള തെളിവ് സൈന്യം നല്‍കുന്നില്ല. 23 ലക്ഷം വരുന്ന ഗാസ ജനസംഖ്യയില്‍ 90 ശതമാനത്തോളം പേര്‍ യുദ്ധത്തില്‍ ഭവനരഹിതരാക്കപ്പെട്ടിട്ടുണ്ട്. ഗാസയിലെ നിരവധി സ്ഥലങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടതിനാല്‍ ലക്ഷക്കണക്കിനാളുകള്‍ തീരപ്രദേശത്തെ താല്‍ക്കാലിക തമ്പുകളിലാണ് കഴിയുന്നത്.
അമേരിക്കയുടെയും ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ മാസങ്ങള്‍ നീണ്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ കഴിഞ്ഞ വേനലില്‍ നിലക്കുകയായിരുന്നു. അതേസമയം, യുദ്ധം ലെബനോനിലേക്കു കൂടി വ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി ഹിസ്ബുല്ലയുമായി വെടിവെപ്പുകളും മിസൈല്‍ ആക്രമണങ്ങളും നടത്തിയ ഇസ്രായില്‍ മൂന്നാഴ്ച മുമ്പ് കരയാക്രമണം ആരംഭിച്ചത്. ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാറിനെ ഇസ്രായില്‍ വധിച്ച പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ മയപ്പെടുത്തുന്നതിന്റെ യാതൊരു ലക്ഷണവും ഇസ്രായിലും ഹമാസും കാണിച്ചിട്ടില്ല.