- 17 ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല
- വെസ്റ്റ് ബാങ്കില്‍ ഹമാസ് നേതാവ് അടക്കം 20 പേര്‍ കൊല്ലപ്പെട്ടു
ജിദ്ദ – ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയായി ഹിസ്ബുല്ല നേതാവായി തെരഞ്ഞെടുക്കപ്പെടാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യമിട്ട് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ അതിശക്തമായ വ്യോമാക്രമണം നടത്തി. സെപ്റ്റംബര്‍ 23 ന് ഹിസ്ബുല്ലക്കെതിരെ ഇസ്രായില്‍ യുദ്ധം ആരംഭിച്ച ശേഷം ഇസ്രായില്‍ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണിത്. ഹാശിം സ്വഫിയുദ്ദീന്‍ അടക്കമുള്ള ഹിസ്ബുല്ല നേതാക്കളെയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഇസ്രായില്‍ നേതാക്കളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഹാശിം സ്വഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞയാഴ്ച ഹസന്‍ നസ്‌റല്ലയെ വധിക്കാന്‍ നടത്തിയതിലും ശക്തമായ ആക്രമണമാണ് ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയതെന്ന് ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
തുടര്‍ച്ചയായി പതിനൊന്നു ആക്രമണങ്ങളാണ് നടത്തിയത്. ആക്രമണത്തിന്റെ പ്രകമ്പനങ്ങള്‍ ബെയ്‌റൂത്തിനപ്പുറത്തേക്കും എത്തി. ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ 37 പേര്‍ കൊല്ലപ്പെടുകയും 151 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ചയുണ്ടായ പോരാട്ടങ്ങളില്‍ 17 ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 127 കുട്ടികള്‍ അടക്കം 1,974 പേര്‍ കൊല്ലപ്പെട്ടതായും 9,300 ഓളം പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അല്‍അബ്‌യദ് പറഞ്ഞു.
ഇന്നലെ ദക്ഷിണ ലെബനോനില്‍ ലെബനീസ് സൈനികരെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു ലെബനീസ് സൈനികന്‍ കൊല്ലപ്പെട്ടുകയും മറ്റൊരു സൈനികനും നാലു റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. അതിര്‍ത്തി നഗരമായ തൈബയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ലെബനീസ് സൈന്യവും റെഡ് ക്രസന്റ് സംഘങ്ങളും അടങ്ങിയ വാഹനവ്യൂഹം ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം നടത്തിയത്. ബിന്‍ത് ജബൈലില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ മറ്റൊരു ലെബനീസ് സൈനികനും കൊല്ലപ്പെട്ടു.
അതിനിടെ, വെസ്റ്റ് ബാങ്കിലെ തൂല്‍കറമില്‍ ഇന്ന് പുലര്‍ച്ചെ ഹമാസ് നേതാവിനെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹമാസ് നേതാവ് സാഹി യാസിര്‍ ഔഫിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. തൂല്‍കറം അഭയാര്‍ഥി ക്യാമ്പില്‍ കോഫി ഷോപ്പ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സമീപ കാലത്ത് വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ നടത്തിയ ഒരു ആക്രമണത്തില്‍ ഏറ്റവുമധികം പേര്‍ കൊല്ലപ്പെടുന്ന സംഭവമാണിത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴിന് ഹമാസും ഇസ്രായിലും യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യവും ജൂതകുടിയേറ്റ കോളനിക്കാരും 699 ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു. ആയിരക്കണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇക്കാലയളവില്‍ ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇസ്രായിലി സുരക്ഷാ സൈനികര്‍ അടക്കം 24 ഇസ്രായിലികള്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ അധികൃതരും പറയുന്നു. ഗാസയില്‍ വ്യാഴാഴ്ച ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 99 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഒരു വര്‍ഷത്തിനിടെ ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,788 ആയി.