ജിദ്ദ – ഇസ്രായിലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ ഇറാന് മുന്നറിയിപ്പെന്നോണം അമേരിക്കയുടെ ശത്രുക്കളുടെ പേടിസ്വപ്‌നമായ ബി-52 ഇനത്തില്‍ പെട്ട ബോംബര്‍ വിമാനങ്ങള്‍ മേഖലയില്‍ എത്തിച്ച് അമേരിക്ക. ബി-52 ബോംബറുകള്‍ മേഖലയില്‍ എത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇന്ന് പുലര്‍ച്ചെ അറിയിച്ചു. മിനോട്ട് എയര്‍ഫോഴ്‌സ് ബേസിലെ അഞ്ചാമത്തെ ബോംബ് വിംഗില്‍ നിന്നുള്ള ബി-52 സ്ട്രാറ്റോഫോര്‍ട്രസ് സ്ട്രാറ്റജിക് ബോംബറുകള്‍ സെന്‍ട്രല്‍ കമാന്‍ഡ് ഏരിയയില്‍ എത്തിയിട്ടുണ്ടെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു. ഇസ്രായിലിനു വേണ്ടി പ്രതിരോധം തീര്‍ക്കാനും ഇറാന് മുന്നറിയിപ്പ് നല്‍കാനുമായി മിഡില്‍ ഈസ്റ്റില്‍ അമേരിക്ക പുതിയ സൈനിക ശേഷികള്‍ വിന്യസിക്കുമെന്ന് വെള്ളിയാഴ്ച പെന്റഗണ്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയിലേക്ക് ബി-52 ബോംബറുകള്‍ അയച്ചത്.
മധ്യപൗരസ്ത്യദേശത്ത് വര്‍ധിക്കുന്ന ഭീഷണികള്‍ക്കും അസ്ഥിരതക്കും ഇടയിലാണ് അമേരിക്ക ബി-52 ബോംബറുകള്‍ മേഖലയിലെത്തിച്ചത്. വിയറ്റ്‌നാം യുദ്ധത്തില്‍ യു.എസ് വ്യോമസേനയുടെ അവശ്യ ഘടകമായി മാറിയ ബി-52 ബോംബറുകള്‍ നൂറു കണക്കിന് തന്ത്രപ്രധാനമായ ആക്രമണങ്ങള്‍ നടത്തുകയും 15 ടണ്ണിലേറെ ബോംബുകള്‍ വര്‍ഷിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ യുദ്ധങ്ങളിലെ അടിസ്ഥാന ഘടകമാണ് ബി-52 ബോംബറുകള്‍. ശീതയുദ്ധ കാലത്തും ഇറാഖ് യുദ്ധത്തിലും അമേരിക്കയുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇവക്ക് സാധിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു ശക്തമായ ബോംബറിനെ കുറിച്ച് അമേരിക്ക ആലോചിക്കാന്‍ തുടങ്ങിയ കഴിഞ്ഞ നൂറ്റാണ്ടിലെ നാല്‍പതുകളിലാണ് ബി-52 ബോംബറുകളുടെ തുടക്കം. താമസിയാതെ ബോയിംഗും മറ്റേതാനും കമ്പനികളും വിമാനം രൂപകല്‍പന ചെയ്യാന്‍ യു.എസ് എയര്‍ഫോഴ്‌സിന് ഓഫറുകള്‍ സമര്‍പ്പിച്ചു. ഡിസൈന്‍ കരാര്‍ നേടുന്നതില്‍ ബോയിംഗ് വിജയിച്ചു. ചര്‍ച്ചകള്‍ക്കും നിരസിക്കപ്പെട്ട നിരവധി മോഡലുകള്‍ക്കും ശേഷം പ്രാരംഭ രപകല്‍പനയെക്കാള്‍ ഭാരം കുറഞ്ഞതും വേഗത കൂടിയതുമായി ഒരു വിമാനം രൂപകല്‍പന ചെയ്യുന്നതില്‍ ബോയിംഗ് വിജയിച്ചു. ആറു വര്‍ഷത്തിനു ശേഷം 1952 ല്‍ പ്രോട്ടോടൈപ്പുകള്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി.
31,500 കിലോ വരെ ഭാരം വഹിക്കാന്‍ ബി-52 ബോംബറുകള്‍ക്ക് സാധിക്കും. ആകാശത്തു വെച്ച് ഇന്ധനം നിറക്കാതെ തന്നെ 14,000 കിലോമീറ്ററിലേറെ ദൂരം താണ്ടാനും ഇവക്ക് കഴിയും. അമേരിക്കയുടെ ശത്രുക്കളുടെ പേടിസ്വപ്‌നമായ ബി-52 ബോംബറുകള്‍ക്ക് പന്ത്രണ്ട് നൂതന എ.ജി.എം-129 ക്രൂയിസ് മിസൈലുകളിലും ഇരുപത് എ.ജി.എം-86 എ ക്രൂയിസ് മിസൈലുകളിലും ആണവായുധങ്ങള്‍ വഹിക്കാനുള്ള കഴിവുണ്ട്. കൂടാതെ എ.ജി.എം-4 ഹാര്‍പൂണ്‍ മിസൈലുകള്‍, ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിയന്‍സ് (ജെ.ഡി.എ.എം), എ.ജി.എം-142 റാപ്റ്റര്‍ മിസൈലുകള്‍, എ.ജി.എം-86 സി പരമ്പരാഗത എയര്‍ മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ (സി.എ.എല്‍.സി.എം) ഉള്‍പ്പെടെ വിപുലമായ പരമ്പരാഗത ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ആയുധങ്ങളുടെ സമഗ്രമായ നിരയും ഇവയില്‍ അടങ്ങിയിരിക്കുന്നു.
സമീപ കാലത്ത് റഷ്യ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ പരീക്ഷിച്ചതിന് പ്രതികരണമെന്നോണം ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് ബി-52 ബോംബറുകള്‍ നവീകരിക്കാന്‍ അമേരിക്കക്ക് പദ്ധതിയുണ്ട്. യു.എസ് വ്യോമസേനയുടെ 76 ബി-52 ബോംബറുകള്‍ പുതിയ മോഡുലാര്‍ ഡിസൈന്‍ സമീപനത്തോടു കൂടിയ വലിയ വഴക്കമുള്ള എയര്‍ഫ്രെയിം ഉള്‍പ്പെടുത്തി ഒരുകൂട്ടം ഏവിയോണിക്‌സും അപ്‌ഡേറ്റുകളും നല്‍കി നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓള്‍-എറൗണ്ട് ബോംബര്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമായ കാലം സേവനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങളില്‍ ഒന്നായിരിക്കും ബി-52 ബോംബറുകള്‍. 2050 ല്‍ ഇവ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് നീക്കം.
വിയറ്റ്‌നാം യുദ്ധത്തിലും കുവൈത്ത് യുദ്ധത്തിലും ബി-52 ബോംബറുകള്‍ കാര്‍പെറ്റ് ബോംബിംഗ് നടത്തിയിരുന്നു. ചിലപ്പോള്‍ അവ അമേരിക്കയില്‍ നിന്ന് പറന്നുയര്‍ന്ന് ഇറാഖിലെ ലക്ഷ്യങ്ങളില്‍ ബോംബ് വര്‍ഷിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ ഡീഗോ ഗാര്‍ഷ്യ താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. 2001 ലെ അഫ്ഗാന്‍ യുദ്ധത്തിലും ഈ ബോംബറുകള്‍ ഉപയോഗിച്ചിരുന്നു. സമീപ വര്‍ഷങ്ങളില്‍ സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തിനും അമേരിക്ക ബി-52 ബോംബറുകള്‍ ആശ്രയിച്ചിരുന്നു.
ലേസര്‍ ഗൈഡഡ് മിസൈലുകളും ബോംബുകളും വിക്ഷേപിക്കാന്‍ ബോംബറിന് ശേഷിയുണ്ട്. കൂടാതെ നൂറു കണക്കിന് കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് ലക്ഷ്യങ്ങളില്‍ ബോംബിടാന്‍ ന്യൂക്ലിയര്‍ വാര്‍ഹെഡ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും വഹിക്കാനും ഇവക്ക് കഴിയും. ആണവ സ്‌ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന വെളിച്ചത്തില്‍ നിന്ന് വിമാന ജീവനക്കാരെ സംരക്ഷിക്കുന്നതിന് ക്യാബിനില്‍ അടക്കാന്‍ കഴിയുന്ന അധിക വിന്‍ഡോകളുണ്ട്. ആണവ ബോംബുകള്‍ വര്‍ഷിക്കാന്‍ ഇവ സജ്ജീകരിച്ചതായി ഇത് സ്ഥിരീകരിക്കുന്നു.
വലിയ രൂപമാണെങ്കിലും കോക്പിറ്റില്‍ ഒഴികെ വിമാനത്തിനകത്ത് സുഗമമായി നീങ്ങാന്‍ മതിയായ ഇടം ഇല്ല. വിമാനത്തിന്റെ ഉള്‍ഭാഗം ഒരു വിമാനത്തെക്കാള്‍ ഉപരി അന്തര്‍വാഹിനി പോലെയാണ്. ചുവന്ന ലൈറ്റുകളും ബോര്‍ഡുകളും മാത്രമാണ് വിമാനത്തിനകത്തെ വെളിച്ചത്തിന്റെ ഏക ഉറവിടം. ഇലക്‌ട്രോണിക് യുദ്ധോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ചുമതലയുള്ള സാങ്കേതിക ഉദ്യോഗസ്ഥര്‍ കോക്പിറ്റിന് തൊട്ടുപിന്നില്‍ രണ്ട് സീറ്റുകളില്‍ ഇരിക്കും. ഇടുങ്ങിയ ഗോവണിപ്പടിയുടെ അടിയില്‍, ചെറിയ വാര്‍ഡ്രോബിനെക്കാള്‍ വലിപ്പമില്ലാത്ത ഇടുങ്ങിയ സ്ഥലത്ത് നാവിഗേഷന്‍, ആയുധ ഉദ്യോഗസ്ഥന്‍ ഇരിക്കും. ഈ ഉദ്യോഗസ്ഥനു ചുറ്റും സ്‌ക്രീനുകളും ഷെല്ലുകളും റോക്കറ്റുകളും വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്നവ ഉള്‍പ്പെടെ കണ്‍ട്രോള്‍ കീകളും ഉണ്ട്.