പാരീസ്: ഗാസ യുദ്ധം അവസാനിപ്പിക്കാനും ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ കുറിച്ച് പാരീസില്‍ ഫ്രഞ്ച് വിദേശ മന്ത്രി ജീന്‍-നോയല്‍ ബാരോട്ടുമായി സംയുക്ത അറബ്-ഇസ്‌ലാമിക് മന്ത്രിതല സമിതി ചര്‍ച്ച ചെയ്തു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ യോഗത്തില്‍ പങ്കെടുത്ത സമിതി പ്രതിനിധി സംഘത്തില്‍ ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശ, പ്രവാസികാര്യ മന്ത്രിയുമായ അയ്മന്‍ അല്‍സ്വഫദി, ഈജിപ്ഷ്യന്‍ വിദേശ, കുടിയേറ്റ, പ്രവാസികാര്യ മന്ത്രി ഡോ. ബദര്‍ അബ്ദുല്‍ആത്തി എന്നിവരും സൗദി വിദേശ മന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് മിസ്അബ് ബിന്‍ മുഹമ്മദ് അല്‍ഫര്‍ഹാന്‍ രാജകുമാരനും അടങ്ങിയിരുന്നു.
ഫലസ്തീന്‍ ജനതക്കും അധിനിവിഷ്ട പ്രദേശങ്ങള്‍ക്കും എതിരെ ഇസ്രായില്‍ നടത്തുന്ന, അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന എല്ലാ നിയമ ലംഘനങ്ങളും തടയുന്നതിനുള്ള സംയുക്ത ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. മിഡില്‍ ഈസ്റ്റില്‍ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനെ കുറിച്ചും മേഖലയില്‍ സുരക്ഷയും അഭിവൃദ്ധിയും കൈവരിക്കുന്ന നിലക്ക് ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനെ കുറിച്ചും യോഗം വിശകലനം ചെയ്തു. ജൂണ്‍ 17 മുതല്‍ 20 വരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൗദി അറേബ്യയുടെയും ഫ്രാന്‍സിന്റെയും സംയുക്ത അധ്യക്ഷതയില്‍ ഐക്യരാഷ്ട്രസഭ ആതിഥേയത്വം വഹിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ചുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിനുള്ള ഒരുക്കങ്ങളും യോഗം അവലോകനം ചെയ്തു.
അതേസമയം, ഗാസയിലെ ബന്ദികളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഹമാസുമായി കരാറിലെത്തുന്നതിനെ താന്‍ എതിര്‍ക്കുന്നതായി ഇസ്രായില്‍ ജനറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ (ഷിന്‍ ബെറ്റ്) പുതിയ മേധാവി ഡേവിഡ് സിന്നി പറഞ്ഞു. ഗാസയിലെ നിലവിലെ യുദ്ധത്തെ അസ്തിത്വപരമായ യുദ്ധം എന്ന് ഡേവിഡ് സിന്നി വിശേഷിപ്പിച്ചു. കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ച റോണന്‍ ബാറിന്റെ പിന്‍ഗാമിയായി, ഷിന്‍ ബെറ്റ് ഡയറക്ടറായി ജനറല്‍ സിന്നിയെ നിയമിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന തങ്ങളുടെ പ്രതിനിധി സംഘത്തിലെ ശേഷിക്കുന്ന അംഗങ്ങളെ പിന്‍വലിക്കാന്‍ ഇസ്രായില്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വൈനെറ്റ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഇസ്രായിലി വാര്‍ത്താ വെബ്സൈറ്റ് പറഞ്ഞു.
ക്യാപ്.
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള സംയുക്ത അറബ്-ഇസ്‌ലാമിക് മന്ത്രിതല സമിതി പാരീസില്‍ ഫ്രഞ്ച് വിദേശ മന്ത്രി ജീന്‍-നോയല്‍ ബാരോട്ടുമായി ചര്‍ച്ച നടത്തുന്നു. വലത്ത്: ഡേവിഡ് സിന്നി.