വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച “പകരംതീരുവ” താരിഫുകൾ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ഫെഡറൽ സർക്യൂട്ട് . 1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രകാരം ട്രംപ് ചുമത്തിയ താരിഫുകൾ, കോൺഗ്രസിന്റെ അധികാരം ലംഘിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വിധി ട്രംപിന്റെ വ്യാപാരനയത്തിന് കനത്ത തിരിച്ചടിയാണ്, എന്നാൽ ട്രംപ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ ഒക്ടോബർ 14 വരെ വിധി നടപ്പാക്കൽ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്,
ഏപ്രിൽ രണ്ടിന് “ലിബറേഷൻ ഡേ” പ്രഖ്യാപിച്ച് ട്രംപ് യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 10% അടിസ്ഥാന തീരുവയും, ചൈന (34%), ഇന്ത്യ (50%), കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് പ്രത്യേക താരിഫുകളും ചുമത്തിയിരുന്നു. വ്യാപാരക്കമ്മി കുറയ്ക്കുക, യുഎസിൽ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ സമ്മർദം ചെലുത്തുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. ഇത് നിയമവിരുദ്ധമാണെന്നും തീരുവ ചുമത്തൽ കോൺഗ്രസിന്റെ പ്രത്യേക അധികാരമാണെന്നും കോടതി വിലയിരുത്തി.
സുപ്രീം കോടതിയും ഈ വിധി ശരിവച്ചാൽ, ട്രംപിന്റെ താരിഫുകൾ അസാധുവാകും, ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് ഇത് വൻ ആശ്വാസമാകും. 1974ലെ ട്രേഡ് ആക്ട് പ്രകാരം പ്രസിഡന്റിന് 150 ദിവസത്തേക്ക് പരമാവധി 15% തീരുവ മാത്രമേ ചുമത്താനാകൂ, ഇത് ട്രംപിന്റെ വ്യാപാര ചർച്ചകളിലെ മുൻതൂക്കം ദുർബലപ്പെടുത്തും. ജൂലൈ വരെ 159 ബില്യൻ ഡോളർ (14 ലക്ഷം കോടി രൂപ) വരുമാനം താരിഫുകൾ വഴി യുഎസ് ട്രഷറിക്ക് ലഭിച്ചിരുന്നു.
ട്രംപിന് ഇനി 1974ലെ ട്രേഡ് ആക്ടിന്റെ സെക്ഷൻ 301, 1962ലെ ട്രേഡ് എക്സ്പാൻഷൻ ആക്ടിന്റെ സെക്ഷൻ 232 എന്നിവ ഉപയോഗിച്ച് താരിഫുകൾ ചുമത്താം, പക്ഷേ ഇവ പരിമിതമാണ്. ട്രംപിന്റെ താരിഫ് അധികാരം പരിമിതപ്പെടുത്തുന്നത്, ഇന്ത്യയുമായുള്ള 50% തീരുവ ഉൾപ്പെടെ, വ്യാപാര ബന്ധങ്ങളിൽ യുഎസിന്റെ സമ്മർദ തന്ത്രങ്ങൾ ദുർബലമാക്കും.