ഗാസ: യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര ഗാസയിലെ ബെയ്ത്ത് ലാഹിയ നഗരത്തില്‍ ഹമാസ് വിരുദ്ധ പ്രകടനം. നൂറുകണക്കിന് നഗരവാസികള്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ഹമാസിനെ ആക്രമിച്ചും നടന്ന പ്രകടനത്തില്‍ പങ്കെടുത്തു. ജനങ്ങള്‍ ഹമാസിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നു, ഹമാസ് പുറത്തുപോവുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രകടനക്കാര്‍ മുഴക്കി.
ബെയ്ത്ത് ലാഹിയ നിവാസികള്‍ പ്രദേശത്തു നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് പ്രകടനം നടന്നത്. മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ നിരവധി ഫലസ്തീന്‍ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. നഗരത്തിനടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് ഇസ്രായിലിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഹമാസ് പോരാളികള്‍ റോക്കറ്റുകള്‍ തൊടുത്തു വിട്ടതിനെ തുടര്‍ന്നാണ് ഇസ്രായില്‍ ഒഴിഞ്ഞുപോകല്‍ ഉത്തരവിട്ടതെന്നും ഇതിന് ഹമാസാണ് ഉത്തരവാദികളെന്നും പ്രകടനക്കാര്‍ ആരോപിച്ചു.
നമ്മുടെ കുട്ടികളുടെ രക്തം വിലകുറഞ്ഞതല്ല, സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, രക്തച്ചൊരിച്ചില്‍ നിര്‍ത്തുക, യുദ്ധവും സാധാരണക്കാരെ ലക്ഷ്യം വെക്കുന്നതും അവസാനിപ്പിക്കുക എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മാര്‍ച്ച് നടത്തിയത്. ഗാസയില്‍ ഇസ്രായിലി സൈനിക നടപടികള്‍ വര്‍ധിച്ചുകൊണ്ടിരിക്കെയാണ് പ്രതിഷേധക്കാര്‍ ഹമാസ് വിരുദ്ധ പ്രകടനവുമായി രംഗത്തെത്തിയത്.മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കളില്‍ ചിലര്‍ ഹമാസിനെതിരെ മുദ്രാവാക്യം വിളിച്ചു. ഹമാസ് പുറത്തുപോവുക, പുറത്തുകടക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ വിളിച്ചു. 2024 ഒക്ടോബറില്‍ റഫയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയ ഹമാസ് നേതാവായ യഹ്യ അല്‍സിന്‍വാറിനെയും ഹമാസിനെയും ചിലര്‍ ആക്രമിച്ചു.
ബെയ്ത്ത് ലാഹിയയിലെ പ്രധാന തെരുവുകളിലൂടെ കടന്നുപോയ മാര്‍ച്ച് പ്രധാനമായും സായിദ് റൗണ്ട്എബൗട്ടിലാണ് അവസാനിച്ചത്. ഗാസ യുദ്ധത്തില്‍ നിരവധി ഇസ്രായിലി ആക്രമണങ്ങള്‍ക്ക് വിധേയമായ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ നിന്ന് മീറ്ററുകള്‍ അകലെയാണ് സായിദ് റൗണ്ട്എബൗട്ട്. ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്കു നേരെ തുടര്‍ച്ചയായി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുന്നതിനെ പ്രകടനത്തില്‍ പങ്കെടുത്തവര്‍ അപലപിച്ചു. കഴിഞ്ഞ 15 മാസമായി ആവര്‍ത്തിച്ചുള്ള പലായനം സഹിക്കുന്ന നഗരവാസികളെ ഒഴിപ്പിക്കാനുള്ള ഇസ്രായിലിന്റെ ഉത്തരവുകള്‍ക്ക് കാരണം ഇതാണെന്ന് പ്രകടനക്കാര്‍ പറഞ്ഞു. ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയവരെ ശാന്തരാക്കാന്‍ പ്രകടനത്തില്‍ പങ്കെടുത്ത ചിലര്‍ ശ്രമിച്ചു. മറ്റു ചിലര്‍ വിസിലടിച്ചും ആക്രമിച്ചും മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ ശ്രമിച്ചു.
ഫതഹ്, ഹമാസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകടനങ്ങളോട് പെട്ടെന്ന് പ്രതികരിച്ചു. പ്രകടനത്തിന്റെ പ്രാധാന്യത്തെ ചൊല്ലി അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. വിശുദ്ധ റമദാന്‍ മാസത്തില്‍ ഇസ്രായില്‍ യുദ്ധം പുനരാരംഭിക്കുകയും അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്തതോടെ ഗാസ അസാധാരണവും ദുഷ്‌കരവുമായ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ സൈനിക നടപടികള്‍ പുനരാരംഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വരെ ഇസ്രായില്‍ 720 ല്‍ അധികം കുട്ടികള്‍ ഉള്‍പ്പെടെ 792 പലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷത്തിലേറെ ഫലസ്തീനികളെ ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ ഇസ്രായില്‍ സൈനിക നടപടികള്‍ നിര്‍ബന്ധിതരാക്കിയതായി യു.എന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group