തെഹ്‌റാന്‍ – തെഹ്‌റാനില്‍ ഇസ്രായില്‍ ആക്രമണം തുടരുന്നതിനിടെ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെയും കുടുംബത്തെയും തെഹ്റാന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ലോയ്സാനിലുള്ള രഹസ്യ ഭൂഗര്‍ഭ ബങ്കറിലേക്ക് ഇറാന്‍ അധികൃതര്‍ മാറ്റി. മകന്‍ മുജ്തബ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അലി ഖാംനഇക്കൊപ്പമുള്ളതായി ഇറാന്‍ ഇന്റര്‍നാഷണല്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലുമായുള്ള ഏറ്റുമുട്ടല്‍ തുടരുമെന്ന് ഇറാന്റെ എക്‌സ്‌പെഡന്‍സി ഡിസേണ്‍മെന്റ് കൗണ്‍സില്‍ അംഗം മുഹ്സിന്‍ റസായി അറിയിച്ചു. ഇസ്രായിലിന്റെ ഗൂഢാലോചന തടയാന്‍ ഇറാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവ പിന്നീട് വെളിപ്പെടുത്തും. ഇറാനില്‍ വലിയ കൊലപാതകങ്ങള്‍ നടത്താന്‍ ഇസ്രായില്‍ പദ്ധതിയിടുന്നുണ്ടെന്നും മുഹ്‌സിന്‍ റസായി ആരോപിച്ചു.
ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ വധിക്കാനുള്ള ഇസ്രായില്‍ പദ്ധതിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമീപ ദിവസങ്ങളില്‍ എതിര്‍ത്തിരുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അലി ഖാംനഇയെയോ മുതിര്‍ന്ന ഭരണകൂട നേതാക്കളെയോ വധിക്കാന്‍ ഇസ്രായിലിന് ഇപ്പോള്‍ പദ്ധതിയില്ലെന്ന് ഇസ്രായില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ സാച്ചി ഹനേഗ്ബി വെള്ളിയാഴ്ച പ്രസ്താവിച്ചിരുന്നു.
അതിനിടെ, വെള്ളിയാഴ്ച ആരംഭിച്ച ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാനില്‍ കുറഞ്ഞത് 224 പേര്‍ കൊല്ലപ്പെടുകയും 1,000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണം ആരംഭിച്ച് അറുപത്തിയഞ്ച് മണിക്കൂര്‍ പിന്നിട്ടതോടെ 224 സ്ത്രീകളും പുരുഷന്മാരും കുട്ടികളും രക്തസാക്ഷികളായതായും ഇക്കൂട്ടത്തില്‍ 90 ശതമാനത്തിലധികവും സാധാരണക്കാരാണെന്നും മന്ത്രാലയ വക്താവ് ഹുസൈന്‍ കെര്‍മന്‍പൂര്‍ പറഞ്ഞു. ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിത ആക്രമണത്തോടെയാണ് ഇസ്രായില്‍ ഇറാനില്‍ ആക്രമണം ആരംഭിച്ചത്. നിരവധി മുതിര്‍ന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍മാരെ ഇസ്രായില്‍ കൊലപ്പെടുത്തുകയും ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
വരും ദിവസങ്ങളില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രായില്‍ പറഞ്ഞു. ഇതിന് മറുപടിയായി ഇസ്രായിലിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. ഇറാനിലെ ഭരണമാറ്റമല്ല, മറിച്ച് ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ പൊളിച്ചുമാറ്റുകയാണ് ആക്രമണത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ഇറാനെതിരായ സൈനിക നടപടി ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നും ഇസ്രായില്‍ പറഞ്ഞു.
ഇസ്രായില്‍ ആക്രമണം നടത്തുന്നതിനിടെ വെടിനിര്‍ത്തല്‍, ആണവ ചര്‍ച്ചകള്‍ നടത്തില്ലെന്ന് മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്ന ഖത്തറിനെയും ഒമാനെയും ഇറാന്‍ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇസ്രായില്‍ ആക്രമണങ്ങളോടുള്ള ഇറാന്റെ തിരിച്ചടി പൂര്‍ത്തിയാക്കുന്നതുവരെ ഗൗരവമേറിയ ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ലെന്ന് ഇറാന്‍ നേതാക്കള്‍ ഖത്തര്‍, ഒമാന്‍ മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇസ്രായില്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ചര്‍ച്ച നടത്തില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഇതാദ്യമായാണ് ഇത്രയും തീവ്രതയുള്ള നേരിട്ടുള്ള ആക്രമണങ്ങള്‍ ഇരുപക്ഷവും നടത്തുന്നത്. ഇത് മിഡില്‍ ഈസ്റ്റിലുടനീളം വ്യാപിച്ചേക്കാവുന്ന നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. ഇസ്രായിലുമായി വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കുന്നതിലും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിലും അമേരിക്കയുടെ പങ്കാളിത്തം അഭ്യര്‍ഥിക്കാന്‍ ഇറാന്‍ ഒമാനെയും ഖത്തറിനെയും ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ് – ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഞായറാഴ്ച മസ്‌കത്തില്‍ നടക്കാനിരുന്ന ഇറാനും അമേരിക്കയും തമ്മിലുള്ള ആറാം റൗണ്ട് ആണവ ചര്‍ച്ചകള്‍ റദ്ദാക്കിയതായി ഒമാന്‍ അറിയിച്ചു. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രിലില്‍ ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായില്‍ ആരംഭിച്ച ആക്രമണം ചര്‍ച്ചകളുടെ ഭാവിയില്‍ സംശയം ജനിപ്പിച്ചു. ഇസ്രായിലിന്റെ ആക്രമണവുമായി അമേരിക്കക്ക് ഒരു ബന്ധവുമില്ലെന്ന് ട്രംപ് ഇന്നലെ പറഞ്ഞു. എന്നാല്‍ ഇറാന്‍ അമേരിക്കന്‍ താല്‍പര്യങ്ങളെ ആക്രമിച്ചാല്‍ സങ്കല്‍പിക്കാനാകാത്ത നിലക്കുള്ള ബലപ്രയോഗം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഭീഷണി മുഴക്കി. വൈകാതെ ഇസ്രായിലിനെയും ഇറാനെയും കരാറില്‍ ഏര്‍പ്പെടാന്‍ ട്രംപ് പ്രേരിപ്പിക്കുകയും ചെയ്തു.