ജിദ്ദ – ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് പിഞ്ചുമക്കളെയും ഒപ്പം കൂട്ടി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന, ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്ന ഈജിപ്ഷ്യന്‍ യുവതിയുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. നിത്യജീവിതത്തിന് വഴി കണ്ടെത്താനാണ് കടുത്ത വെയിലും ഗതാഗത്തിരക്കും വകവെക്കാതെ 27 കാരിയായ മര്‍യം ഹനഫി ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നത്. മൂന്നും അഞ്ചും വയസ് വീതം പ്രായമുള്ള മക്കളെ സ്‌കൂട്ടറില്‍ ഒപ്പം കൂട്ടി ഡെലിവറി സ്‌കൂട്ടറില്‍ മര്‍യം സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. നിരവധി പേരാണ് ഇവരെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഒന്നര വര്‍ഷമായി താന്‍ ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നതായി മര്‍യം ഹനഫി പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ തന്റെയും മക്കളുടെയും ഫോട്ടോ പ്രചരിക്കുന്നതും ഇതുമായി ആളുകള്‍ പ്രതികരിക്കുന്നതും അത്ഭുതപ്പെടുത്തി. ഫോട്ടോയില്‍ തനിക്കൊപ്പമുള്ളത് അഞ്ചു വയസുകാരനായ മൂത്ത മകന്‍ ഇബ്രാഹിമും മൂന്നു വയസുകാരനായ ഇളയ മകന്‍ ഇസ്‌ലാമും ആണ്. ജോലി സമയത്തു മുഴുവന്‍ വെയിലും ചൂടുമേറ്റ് മക്കളെ ഒപ്പം കൂട്ടാന്‍ കഴിയില്ല. അതുകൊണ്ട് ജോലിക്കു പോകുമ്പോള്‍ മക്കളെ അല്‍മുനൈല്‍ ഏരിയയില്‍ താമസിക്കുന്ന ഉമ്മാന്റെ അടുത്താക്കുകയാണ് പതിവ്.
മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം കോഴ്‌സാണ് താന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ മേഖലയില്‍ ജോലി കണ്ടെത്താന്‍ ഏറെ ശ്രമിച്ചെങ്കിലും ഭാഗ്യമുണ്ടായില്ല. ഡെലിവറി മേഖലയില്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം മുതല്‍ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും ഭര്‍ത്താവ് ഒപ്പം നില്‍ക്കുന്നു. ഭര്‍ത്താവും ഇതേ മേഖലയിലാണ് ജോലി ചെയ്യുന്നത്. തന്റെ സ്‌കൂട്ടറിലുണ്ടാകുന്ന കേടുകള്‍ നന്നാക്കുന്നതും ഭര്‍ത്താവാണ്.
സ്‌കൂട്ടറോടിച്ച് യുവതി ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നതില്‍ ചിലര്‍ ആശ്ചര്യപ്പെടുന്നു. ഇത്തരക്കാര്‍ കുറവാണ്. ഭൂരിഭാഗം ആളുകളും പോസിറ്റീവ് ആയാണ് പ്രതികരിക്കുന്നത്. തവണ വ്യവസ്ഥയിലാണ് സ്‌കൂട്ടര്‍ വാങ്ങിയത്. ചിലപ്പോഴൊക്കെ സ്‌കൂട്ടറിലുണ്ടാകുന്ന തകരാറുകളും കീശയിലെ പണം ചോര്‍ത്തുന്നു. ഡെലിവറി വസ്തുക്കളുമായി സ്‌കൂട്ടറില്‍ പോകുന്നത് കാണുമ്പോഴുള്ള ആളുകളുടെ പ്രാര്‍ഥനയും അവരുടെ നല്ല വാക്കുകളും ജോലിയില്‍ തുടരാന്‍ തനിക്ക് പോസിറ്റീവ് ഊര്‍ജം നല്‍കുന്നതായും മര്‍യം ഹനഫി പറഞ്ഞു.