- ഇസ്രായിലി കമാന്‍ഡോകള്‍ ലെബനീസ് പൗരനെ തട്ടിക്കൊണ്ടുപോയതില്‍ രക്ഷാ സമിതിക്ക് പരാതി നല്‍കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
ജിദ്ദ – ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ 71 പേര്‍ കൊല്ലപ്പെടുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സര്‍ക്കാര്‍ എമര്‍ജന്‍സി കമ്മിറ്റി അറിയിച്ചു. ഇതോടെ 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,968 ആയി ഉയര്‍ന്നു. 13,319 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ ലെബനോനില്‍ 109 വ്യോമാക്രമണങ്ങളാണ് ഇസ്രായില്‍ നടത്തിയത്. ഇതോടെ ഒന്നര മാസത്തിനിടെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ 11,876 ആയി. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ 1,133 അംഗീകൃത കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 957 എണ്ണത്തിലും ശേഷിയുടെ പരമാവധി അഭയാര്‍ഥികളെ സ്വീകരിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത 1,90,083 അഭയാര്‍ഥികള്‍ അംഗീകൃത അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നതായും സര്‍ക്കാര്‍ എമര്‍ജന്‍സി കമ്മിറ്റി അറിയിച്ചു.
അതേസമയം, ഇസ്രായിലി കമാന്‍ഡോകള്‍ ലെബനീസ് പൗരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യു.എന്‍ രക്ഷാ സമിതിക്ക് അടിയന്തിര പരാതി നല്‍കാന്‍ ലെബനീസ് വിദേശ, പ്രവാസികാര്യ മന്ത്രി അബ്ദുല്ല ബൂഹബീബിനോട് ലെബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തി നിര്‍ദേശിച്ചു. ബട്രോണ്‍ ഏരിയയില്‍ നിന്ന് ഹിസ്ബുല്ലയിലെ നാവിക വിഭാഗം മേധാവിയായ ഇമാദ് അംഹസിനെ ഇസ്രായിലി കമാന്‍ഡോകള്‍ തട്ടിക്കൊണ്ടുപോയ സംഭവം താന്‍ വിലയിരുത്തിവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലെബനീസ് സേനാ മേധാവി അല്‍ഇമാദ് ജോസഫ് ഔനുമായി ഇക്കാര്യം ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സൈന്യം നടത്തിയ അന്വേഷണ വിവരങ്ങള്‍ സേനാ മേധാവി അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങള്‍ അനാവരണം ചെയ്യാന്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് നജീബ് മീഖാത്തി ആവശ്യപ്പെട്ടു.
ദക്ഷിണ ലെബനോനില്‍ വിന്യസിച്ച യു.എന്‍ സമാധാന സേനാ കമാന്‍ഡന്റുമായും പ്രധാനമന്ത്രി പ്രശ്‌നം വിശകലനം ചെയ്തു. ഇക്കാര്യത്തില്‍ അന്വേഷണങ്ങള്‍ നടത്തുന്നതായും ഇക്കാര്യത്തില്‍ ലെബനീസ് സൈന്യവുമായി ഏകോപനം നടത്തുന്നുണ്ടെന്നും യു.എന്‍ സമാധാന സേന പ്രധാനമന്ത്രിയെ അറിയിച്ചു.