ദോഹ – ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഖത്തർ കൂടുതൽ ദുരിതാശ്വാസ സഹായവുമായി മുന്നോട്ടു വരുന്നു. വിവിധ അവശ്യവസ്തുക്കളുമായി 49 ട്രക്കുകൾ ഗാസയിലേക്ക് പോകുന്നുണ്ട്. ഈ സഹായം ഒരു ലക്ഷത്തിലേറെ പൗരർക്കാണ് ഗുണം ചെയ്യുക.
4704 ഫുഡ് പാർസലുകൾ, അമ്പതിനായിരം പേരെ ലക്ഷ്യമിട്ടുള്ള ഭക്ഷണ കിറ്റുകൾ, 174 ടൺ ധാന്യപ്പൊടികൾ, അയ്യായിരം യൂണിറ്റ് ബേബി ഫുഡ് തുടങ്ങിയവയാണു ഖത്തർ അയയ്ക്കുന്നത്. ഇവയിലൂടെ 30,000 മുതൽ 50,000 ആളുകൾക്ക് നേരിട്ട് ഗുണം ലഭിക്കുമെന്നാണ് കണക്ക്. ഈജിപ്ത്‌തിലും ജോർദാനിലുമാണ് സഹായം വഹിച്ചുള്ള ട്രക്കുകൾ നിലവിലുള്ളത്. റഫയും, കെറം ഷാലോമും വഴിയുള്ള അതിർത്തികൾ മറികടന്ന് ഗാസയിലേക്ക് ഇവ വൈകാതെ പ്രവേശിക്കും.
മാസങ്ങളായി ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധത്തിന് ശേഷം, ഗാസയിലേക്ക് മനുഷ്യാവകാശ അടിത്തറയിൽ സഹായം അനുവദിക്കാൻ ഇസ്രായേൽ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തറിന്റെ സഹായവിതരണം ആരംഭിക്കുന്നത്.
ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ്, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസൻറ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സഹായ പദ്ധതി നടപ്പിലാക്കുന്നത്.
യുഎൻ സുരക്ഷാ കൗൺസിലിൽ കഴിഞ്ഞ ദിവസം ഖത്തർ ഇസ്രായേലിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഫലസ്തീനികളോട് ഭക്ഷണം യുദ്ധായുധമായി ഉപയോഗിക്കുന്നുവെന്ന കുറ്റം ഖത്തർ ഉന്നയിച്ചു. ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യം ഖത്തർ അധികൃതർ ശക്തമായി ഉയർത്തിയിരുന്നു.