പാരിസ്– ഗാസയിൽ ഇസ്രായിൽ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. ഇസ്രായിൽ സഖ്യകക്ഷികളായ യു.കെ, ജപ്പാൻ, ഫ്രാൻസ്, കാനഡ എന്നിങ്ങനെ 28ഓളം രാജ്യങ്ങൾ സംയുക്തമായാണ് ഇസ്രായിലിനോട് യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. ആവശ്യമായ സഹായങ്ങൾ നിഷേധിച്ച് മനുഷ്യത്വത്തിന് വിരുദ്ധമായി സാധാരണക്കാരെ കൊല്ലുന്ന ഇസ്രായിൽ നടപടിയെയും, കുട്ടികളടക്കം ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി അലയേണ്ട അവസ്ഥയെയും രാജ്യങ്ങൾ അപലപിച്ചു.
ഗാസയിലെ സാധാരണക്കാരുടെ ദുരിത ജീവിതം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്നുവെന്നും ഇസ്രായിൽ സർക്കാർ ഭക്ഷണവും വെള്ളവും അത്യാവശ്യ സാധനങ്ങൾ നിഷേധിച്ച് കുട്ടികളെയും സാധാരണക്കാരെയും മനുഷ്യത്വരഹിതമായി കൊന്നും കളയുകയാണെന്നും യൂറോപ്യൻ രാജ്യങ്ങൾ പറഞ്ഞു. റഫയിലെ ഒരു പ്രത്യേക സ്ഥലത്ത് മതിലുകെട്ടി തിരിച്ച് കർശന നിയന്ത്രണത്തോടെയുള്ള പ്രദേശത്തേക്ക് ഫലസ്തീനികളെ നിർബന്ധിപ്പിച്ച് മാറ്റിപാർപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും രാജ്യങ്ങൾ അറിയിച്ചു. യൂറോപ്യൻ രാജ്യമായ ജർമനി ഇതിൽ നിന്ന് വിട്ടു നിന്നു. യൂറോപ്യൻ രാജ്യങ്ങളുടെ നീക്കം ജൂതവിരുദ്ധതയാണെന്ന് അമേരിക്ക ആരോപിച്ചു. ഈ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യത്തിൽ നിന്ന് വേർപെടുത്തുകയും ഹമാസിന് തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ഇസ്രായിൽ വിദേശകാര്യ മന്ത്രാലയ പ്രതിനിധി എക്‌സിൽ കുറിച്ചു. വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിന് പകരം ഇസ്രായിലിനെതിരെ നുണപ്രചരണം നടത്താനുള്ള തിരക്കിലാണ് ഹമാസെന്നും അവർ ആരോപിച്ചു.


എന്നാൽ വെടി നിർത്തൽ കരാറും തങ്ങൾ തടവുകാരെ മോചിപ്പിക്കാമെന്ന നിർദേശവും ഇസ്രായിലാണ് തള്ളിക്കളഞ്ഞതെന്ന് ഹമാസ് സൈനിക വക്താവ് അറിയിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രതിരോധ ആക്രമണത്തിൽ തടവിലാക്കിയ 50 ആളുകൾ ഇപ്പോഴും ഗാസയിലാണ് ഉള്ളത്. ഹമാസ് ഉപയോഗിക്കുമെന്ന് ആരോപിച്ച് കുട്ടികൾക്കുള്ള ഭക്ഷണം, മരുന്നുകൾ, വെള്ളം എന്നീ സാധനങ്ങൾ അടക്കം ഇസ്രായിൽ അതിർത്തിയിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ഗാസയിൽ എത്തുന്ന സാധനങ്ങളാകട്ടെ കൃത്യമായി വിതരണം ചെയ്യുന്നുമില്ല. ഓക്‌സിജൻ സിലിണ്ടറുകൾ, കാൻസറിനുള്ള മെഡിസിനുകളടക്കം ഇസ്രായിൽ നിരോധിച്ചു. ഈ നിരോധനങ്ങൾ ഗാസയുടെ ആരോഗ്യ സംവിധാനത്തെ പൂർണമായ തകർച്ചയിലേക്ക് നയിക്കുമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും സന്നദ്ധ സഹായ സംഘടനകൾ പറയുന്നു.
ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒക്ടോബർ ഏഴിന് ശേഷം ഇസ്രായിൽ നടത്തിയ ആക്രണത്തിൽ 59,000ൽ കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെടുകയും 140,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരു നേരത്തെ ഭക്ഷണത്തിന് കാത്തുനിന്ന 875 പേരെയാണ് ഇസ്രായിൽ ഇതുവരെ കൊന്നുകളഞ്ഞത്. മരിച്ചവരിൽ പകുതിയിലധികം സ്ത്രീകളും കുട്ടികളുമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.