ഗാസ – യുദ്ധസമയത്ത് ഇസ്രായിലിന് എണ്ണ നല്‍കിയ രാജ്യങ്ങള്‍ ഗാസ വംശഹത്യയില്‍ പങ്കാളിത്തം വഹിച്ചതായി സര്‍ക്കാരിതര സംഘടനയായ ഓയില്‍ ചേഞ്ച് ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആരോപിച്ചു. ഗാസ യുദ്ധസമയത്ത് ഇരുപത്തിയഞ്ച് രാജ്യങ്ങള്‍ ഇസ്രായിലിന് എണ്ണ നല്‍കി. വംശഹത്യക്ക് സഹായിക്കാന്‍ ഇസ്രായിലിന് ഇന്ധനം നല്‍കിയ രാജ്യങ്ങളെ റിപ്പോര്‍ട്ട് അപലപിച്ചു. 2023 നവംബര്‍ ഒന്നിനും 2025 ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ഇസ്രായിലിലേക്ക് നടത്തിയ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 70 ശതമാനവും അസര്‍ബൈജാനില്‍ നിന്നും കസാക്കിസ്ഥാനില്‍ നിന്നുമായിരുന്നെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇസ്രായിലിലേക്ക് ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യ, ഗ്രീസ്, അമേരിക്ക എന്നിവയാണ് മുന്നില്‍. യുദ്ധ വിമാനങ്ങള്‍ക്ക് ആവശ്യമായ ജെ.പി-8 ഇന്ധനം ഇസ്രായിലിന് നല്‍കുന്ന ഒരേയൊരു രാജ്യം അമേരിക്കയാണെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യന്നു. ഇസ്രായിലിന്റെ ക്രൂരതകളെ കുറിച്ച് പൂര്‍ണമായി അറിഞ്ഞുകൊണ്ടു തന്നെയാണ് ഈ രാജ്യങ്ങള്‍ ആ കാലയളവില്‍ ഇസ്രായിലിന് ഇന്ധനം നല്‍കിയതെന്ന് ഓയില്‍ ചേഞ്ച് ഇന്റര്‍നാഷണല്‍ പറഞ്ഞു. ഗാസ യുദ്ധത്തിലുള്ള ഈ രാജ്യങ്ങളുടെ പങ്കാളിത്തം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അവരെ ഉത്തരവാദിത്തപ്പെടുത്താനാണ്. ഈ രാജ്യങ്ങള്‍ ഗാസ വംശഹത്യയില്‍ അവരുടെ പങ്കാളിത്തം അംഗീകരിക്കുകയും അവരുടെ പങ്കാളിത്തം അവസാനിപ്പിക്കുകയും വേണം.
ഇസ്രായിലിലേക്കുള്ള എണ്ണ പ്രവാഹം വിശകലനം ചെയ്യാന്‍ എന്‍.ജി.ഒ ഗവേഷണ സ്ഥാപനമായ ഡാറ്റാഡെസ്‌കിനെ ഓയില്‍ ചേഞ്ച് ഇന്റര്‍നാഷണല്‍ ചുമതലപ്പെടുത്തി. പ്രസ്തുത കാലയളവില്‍ ഇസ്രായിലിലേക്കുള്ള 323 എണ്ണ കയറ്റുമതികള്‍ തിരിച്ചറിഞ്ഞു. ആകെ 21.2 ദശലക്ഷം ടണ്‍ എണ്ണയാണ് ഇസ്രായിലിലേക്ക് കയറ്റി അയച്ചതെന്ന് ഓയില്‍ ചേഞ്ച് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പറഞ്ഞു.
2013 ഒക്ടോബറില്‍ തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ അഭൂതപൂര്‍വമായ ആക്രമണത്തെ തുടര്‍ന്നാണ് ഗാസ മുനമ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഹമാസ് ആക്രമണത്തില്‍ ഇസ്രായിലില്‍ 1,221 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അതിനുശേഷം, ഇസ്രായിലിന്റെ പ്രതികാര സൈനിക ആക്രമണത്തിന്റെ ഫലമായി ഗാസയില്‍ 69,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാരാണ്.
ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് 2024 ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പുറപ്പെടുവിച്ചു. ഗാസ മുനമ്പില്‍ ഇസ്രായില്‍ വംശഹത്യ നടത്തിയതായി യു.എന്‍ കമ്മീഷനും ആരോപിച്ചു. വംശഹത്യ തടയാനും വംശഹത്യ നടത്തുന്നവരെ ശിക്ഷിക്കാനും ആവശ്യപ്പെടുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ താല്‍ക്കാലിക ഉത്തരവ് പാലിക്കാന്‍ രാജ്യങ്ങള്‍ ബാധ്യസ്ഥമാണെന്ന് ബിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് കംപാരറ്റീവ് ലോയിലെ മനുഷ്യാവകാശ-സാമ്പത്തിക ഗവേഷകയായ ഐറിന്‍ പെട്രോപോളി പറഞ്ഞു. ഇസ്രായിലിന് നല്‍കുന്ന സഹായം, പ്രത്യേകിച്ച് സൈനിക സഹായം, വംശഹത്യ തടയാനും വംശഹത്യയില്‍ പങ്കുള്ളവരെ ശിക്ഷിക്കാനുമുള്ള കണ്‍വെന്‍ഷന്‍ പ്രകാരം വംശഹത്യയില്‍ തങ്ങളെ പങ്കാളികളാക്കുമെന്ന കാര്യം രാജ്യങ്ങള്‍ ഓര്‍മ്മിക്കേണ്ടതാണെന്ന് ഐറിന്‍ പെട്രോപോളി പ്രസ്താവനയില്‍ പറഞ്ഞു.



