സന്‍ആ – യെമനില്‍ സന്‍ആക്ക് വടക്കുപടിഞ്ഞാറ് അല്‍മഹ്‌വിത് ഗവര്‍ണറേറ്റിലെ മില്‍ഹാന്‍ ജില്ലയില്‍ കഴിഞ്ഞ ചൊവ്വാഴ്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മൂന്നു അണക്കെട്ടുകള്‍ തകര്‍ന്നും 24 പേര്‍ മരണപ്പെടുകയും 17 പേരെ കാണാതാവുകയും ചെയ്തതായി യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് യെമന്‍ ഓഫീസ് അറിയിച്ചു. പ്രളയത്തില്‍ 40 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 230 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 1,020 കുടുംബങ്ങളെ ഇത് ബാധിച്ചു. നിരവധി റോഡുകള്‍ തകര്‍ന്നു. ഇതുമൂലം പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
പ്രളയബാധിത പ്രദേശങ്ങളില്‍ എത്തിപ്പെടാനും ദുരന്തബാധിതരെ സഹായിക്കാനും എമര്‍ജന്‍സി റെസ്‌പോണ്‍സ് സംഘങ്ങള്‍ വലിയ ശ്രമങ്ങള്‍ നടത്തുന്നതായും യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് ഓഫീസ് പറഞ്ഞു. അല്‍മഹ്‌വിതിനു പുറമെ റീമ, ഹജ്ജ, അല്‍ഹുദൈദ ഗവര്‍ണറേറ്റുകളിലും പ്രളയത്തിലും കനത്ത മഴയിലും വന്‍ തോതില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഈ നാലു ഗവര്‍ണറേറ്റുകളും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസാദ്യം മുതലാണ് ഇവിടങ്ങളില്‍ കനത്ത മഴ ആരംഭിച്ചത്.