ബെയ്‌റൂത്ത് – ബെയ്‌റൂത്തിന് തെക്ക് സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു കുട്ടികള്‍ അടക്കം 23 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജെബൈല്‍ ജില്ലയിലെ അല്‍മാത് ഗ്രാമത്തിലാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്. സംഭവസ്ഥലത്തു നിന്ന് ശരീരഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇവ ആരുടെതാണെന്ന് പരിശോധിച്ചുവരികയാണ്. മരണസംഖ്യ വര്‍ധിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ബെയ്‌റൂത്തില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെയാണ് അല്‍മാത് ഗ്രാമം.
തന്റെ വല്യുപ്പയുടെ വീട് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണം നടത്തിയതെന്ന് ലെബനീസ് യുവാവ് അലി ഹൈദര്‍ പറഞ്ഞു. വീടിന്റെ ഫോട്ടോയും അലി ഹൈദര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആക്രമണ സമയത്ത് വീട്ടില്‍ ബഅല്‍ബെക്കില്‍ നിന്നുള്ള 35 പേരുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. അവരുമായി തങ്ങള്‍ക്ക് കുടുംബബന്ധമുണ്ട്. ഇസ്രായില്‍ ആക്രമണം മൂലം ഇവര്‍ ബഅല്‍ബെക്കില്‍ നിന്ന് പലായനം ചെയ്യുകയായിരുന്നെന്ന് അലി ഹൈദര്‍ പറഞ്ഞു.
ദക്ഷിണ ലെബനോനിലെ തീരഗ്രാമമായ അദ്‌ലോനില്‍ ഹിസ്ബുല്ലക്കു കീഴിലെ ഇസ്‌ലാമിക് ഹെല്‍ത്ത് അതോറിറ്റി സെന്ററിനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കിഴക്കന്‍ ലെബനോനില്‍ 20 പേരും ദക്ഷിണ ലെബനോനില്‍ 13 പേരും അടക്കം ആകെ 53 പേര്‍ കൊല്ലപ്പെടുകയും 99 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3,189 ആയും പരിക്കേറ്റവരുടെ എണ്ണം 14,078 ആയും ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ രാത്രി ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മധ്യഗാസയിലെ അല്‍നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ അഭയാര്‍ഥികളുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇന്നലെ രാത്രി ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലും വടക്കുപടിഞ്ഞാറന്‍ ഗാസയിലെ ശൈഖ് റദാവാന്‍ ഡിസ്ട്രിക്ടിലും നടത്തിയ ആക്രമണങ്ങളില്‍ ഒരു ബാലന്‍ അടക്കം നാലു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ കഴിഞ്ഞ ദിവസം വരെ ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43,603 ആയും പരിക്കേറ്റവരുടെ എണ്ണം 1,02,929 ആയും ഉയര്‍ന്നിട്ടുണ്ട്.