ഗാസ– ഗാസ മുനമ്പില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാഥമിക കണക്കനുസരിച്ച് 21 രക്തസാക്ഷികളും 38 പരിക്കേറ്റവരും ഗാസ മുനമ്പിലെ ആശുപത്രികളില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. ഗാസ മുനമ്പില്‍ ഇസ്രായിലി വ്യോമാക്രമണത്തിലും പീരങ്കി ആക്രമണത്തിലും ഏതാനും കുട്ടികളും സ്ത്രീകളും നവജാതശിശുവും അടക്കം 17 പേര്‍ രക്തസാക്ഷികളായതായും 40 ലധികം പേര്‍ക്ക് പരിക്കേറ്റതായും ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ബസല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗാസ നഗരത്തിന് കിഴക്കുള്ള സെയ്തൂന്‍, തുഫാഹ് ഡിസ്ട്രിക്ടുകളില്‍ സാധാരണക്കാര്‍ കഴിയുന്ന ടെന്റുകള്‍ക്കു നേരെയുണ്ടായ പീരങ്കി ഷെല്ലാക്രമണത്തില്‍ ബാലിക ഉള്‍പ്പെടെ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി (വഫാ) റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍ യൂനിസിന് തെക്കുള്ള ഖിസാന്‍ റശ്വാന്‍ പ്രദേശത്ത് കുടിയിറക്കപ്പെട്ടവരുടെ കൂടാരങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ പീരങ്കി ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഏജന്‍സി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഇസ്രായില്‍ ആക്രമണങ്ങളില്‍ 530 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,460 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി പറഞ്ഞു.
അതേസമയം, പരിക്കേറ്റവരും രോഗികളുമായ ഫലസ്തീനികളുടെ മൂന്നാമത്തെ ബാച്ചിന്റെ റഫ അതിര്‍ത്തി ക്രോസിംഗ് വഴിയുള്ള യാത്രക്കുള്ള ഏകോപനം ഇസ്രായില്‍ അധികൃതര്‍ ഇന്ന് റദ്ദാക്കിയതായി ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന വ്യാജേന ഗാസയില്‍ ഇസ്രായില്‍ സൈനിക നീക്കം തുടരുന്നതിനിടെ, റഫ അതിര്‍ത്തി ക്രോസിംഗ് വഴി രോഗികള്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടിയുള്ള യാത്രാ ഏകോപനം റദ്ദാക്കിയതായി ഫലസ്തീന്‍ റെഡ് ക്രസന്റ് വക്താവ് റാഇദ് അല്‍നംസ് ജര്‍മ്മന്‍ പ്രസ് ഏജന്‍സിയോട് (ഡി.പി.എ) പറഞ്ഞു.
ഗാസയില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണങ്ങള്‍ ഉന്മൂലന യുദ്ധത്തിന്റെ തുടര്‍ച്ചയാണെന്ന് ഹമാസ് ചൂണ്ടികാട്ടി. റഫ ക്രോസിംഗ് തുറക്കുന്നത് ഉള്‍പ്പെടെ, വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് തടയാനുള്ള യുദ്ധക്കുറ്റവാളി നെതന്യാഹുവിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ ഉദ്ദേശ്യങ്ങള്‍ ആക്രമണം സ്ഥിരീകരിക്കുന്നതായി ഹമാസ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഇസ്രായില്‍ സൈനികനു നേരെ വെടിവെപ്പുണ്ടായെന്ന വാദം ഫലസ്തീന്‍ ജനതക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ന്യായീകരിക്കാനുള്ള ദുര്‍ബലമായ ഉപായമാണെന്നും ഗാസ മുനമ്പില്‍ അടിച്ചമര്‍ത്തലിന്റെയും ഭീകരതയുടെയും സ്ഥിരമായ യാഥാര്‍ഥ്യം അടിച്ചേല്‍പ്പിക്കാനുള്ള ക്രിമിനല്‍ ശ്രമമാണെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാറിനെ ദുര്‍ബലപ്പെടുത്താനും ഗാസയില്‍ വംശഹത്യ, കൊലപാതകം, പട്ടിണി എന്നിവ പുനരാരംഭിക്കാനും ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന യുദ്ധക്കുറ്റവാളിയായ നെതന്യാഹുവിന്റെ പെരുമാറ്റത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ മധ്യസ്ഥരോടും വെടിനിര്‍ത്തല്‍ കരാറിന് ഉറപ്പ് നല്‍കുന്ന രാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാര്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയും റഫ ക്രോസിംഗ് തുറക്കുകയും ചെയ്തിട്ടും, ഇസ്രായിലിന്റെ തുടര്‍ച്ചയായ ആക്രമണം, വെടിനിര്‍ത്തല്‍ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ മനഃപൂര്‍വ്വം അട്ടിമറിക്കുന്നതും ട്രംപ് പദ്ധതിയുടെ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍ അധിനിവേശ സര്‍ക്കാര്‍ പിന്തുടരുന്ന കൊലപാതകങ്ങളുടെയും ഉപരോധങ്ങളുടെയും നയത്തിന്റെ തുടര്‍ച്ചയുമാണ്. ഈ ലംഘനങ്ങള്‍ തടയാനും വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള പ്രതിബദ്ധതകളും പ്രതിജ്ഞകളും പാലിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കാനും അടിയന്തിര അന്താരാഷ്ട്ര സമ്മര്‍ദം ആവശ്യമാണെന്നും ഹമാസ് പറഞ്ഞു.



