ന്യൂയോർക്ക്: അമേരിക്കയിലെ സിയാറ്റിലിൽ വെസ്റ്റ് സിയാറ്റിലിലെ ഒരു ജ്വല്ലറിയിൽ നട്ടുച്ചക്ക് വെറും 90 സെക്കൻഡിനുള്ളിൽ മുഖംമൂടി ധരിച്ച നാലംഗ സംഘം 20 ലക്ഷം ഡോളറിന്റെ വജ്രങ്ങൾ, ആഡംബര വാച്ചുകൾ, സ്വർണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കവർന്ന് രക്ഷപ്പെട്ടു.
ജ്വല്ലറിയുടെ മുൻവശത്തെ ഗ്ലാസ് വാതിൽ ചുറ്റിക ഉപയോഗിച്ച് തകർത്താണ് സംഘം അകത്തുകടന്നത്. ആറ് ഡിസ്‌പ്ലേ കേസുകൾ കൊള്ളയടിച്ച സംഘം, ജീവനക്കാരെ പെപ്പർ സ്പ്രേയും ഇലക്ട്രിക് സ്റ്റൺ ഗണ്ണും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. കവർച്ചയിൽ ആർക്കും പരിക്കേറ്റില്ലെന്ന് സിയാറ്റിൽ പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സ്റ്റോറിലെ സിസിടിവി ക്യാമറകൾ പകർത്തിയിട്ടുണ്ട്.
കവർച്ചയിൽ 7.5 ലക്ഷം ഡോളർ വിലമതിക്കുന്ന റോളക്സ് വാച്ചുകളും 1.25 ലക്ഷം ഡോളർ വിലമതിക്കുന്ന മരതക മാലയും ഉൾപ്പെടുന്നതായി പോലീസ് വ്യക്തമാക്കി. “ജീവനക്കാർ ഞെട്ടലിലാണ്. തകർന്ന ഗ്ലാസ് വൃത്തിയാക്കി, നാശനഷ്ടങ്ങൾ വിലയിരുത്തുകയാണ്. തൽക്കാലം സ്റ്റോർ അടച്ചിടും,” ജ്വല്ലറിയുടെ വൈസ് പ്രസിഡന്റ് ജോഷ് മെനാഷി പറഞ്ഞു.
സിയാറ്റിൽ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ, പ്രതികൾ വാഹനത്തിൽ രക്ഷപ്പെട്ടതായും പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഇവരെ കണ്ടെത്താനായില്ലെന്നും പോലീസ് അറിയിച്ചു.