ഗാസ– വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ട് 100 ദിവസം പിന്നിട്ടെങ്കിലും ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പുകളിലും വ്യോമാക്രമണങ്ങളിലും മൂന്നു മാധ്യമപ്രവര്‍ത്തകരും രണ്ടു കുട്ടികളും അടക്കം പതിനൊന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗാസയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ വ്യോമാക്രമണങ്ങളിലും വെടിവെപ്പുകളിലുമാണ് പതിനൊന്നു പേര്‍ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ മെഡിക്കല്‍, സുരക്ഷാ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഗാസ മുനമ്പിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിന് കിഴക്ക് മൂന്ന് ഫലസ്തീനികളും ദെയ്ര്‍ അല്‍ബലഹിന് കിഴക്ക് മൂന്ന് പേരും ഗാസ സിറ്റിക്ക് തെക്ക് അല്‍സഹ്റ പ്രദേശത്ത് മൂന്ന് പേരും തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ രണ്ട് പേരും കൊല്ലപ്പെട്ടതായി മെഡിക്കല്‍, സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
മധ്യ ഗാസ മുനമ്പിലെ തുര്‍ക്കി ആശുപത്രിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മറ്റേതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യ ഗാസ മുനമ്പില്‍ ഈജിപ്ഷ്യന്‍ കമ്മിറ്റി മേല്‍നോട്ടത്തിലുള്ള അഭയാര്‍ഥി ക്യാമ്പ് ചിത്രീകരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായത്. ആക്രമണം നടന്ന സ്ഥലത്ത് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമായി തിരിച്ചറിയാവുന്ന പ്രസ്സ് വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ ജര്‍മ്മന്‍ പ്രസ് ഏജന്‍സി (ഡി.പി.എ) യോട് പറഞ്ഞു. മധ്യ ഗാസയില്‍ കാര്‍ ലക്ഷ്യമിട്ട് വ്യോമസേന വ്യോമാക്രമണം നടത്തിയതായി ഇസ്രായിലി ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ഇസ്രായിലി സൈന്യത്തെ കുറിച്ച് രഹസ്യാന്വേഷണം ശേഖരിക്കാന്‍ കാറിലുള്ളിലുള്ളവര്‍ ഡ്രോണ്‍ ഉപയോഗിച്ചതായി ആര്‍മി റേഡിയോ അവകാശപ്പെട്ടു.
അതിനിടെ, വെസ്റ്റ് ബാങ്കിലെ റാമല്ല, സല്‍ഫിത് നഗരങ്ങളിലെ ഏതാനും വീടുകളും ഡസന്‍ കണക്കിന് ഏക്കര്‍ കൃഷിഭൂമിയും ഇസ്രായില്‍ സേന ഇന്ന് തകര്‍ത്തു. ഇതോടൊപ്പം, വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ സേന വലിയ തോതിലുള്ള റെയ്ഡും തിരച്ചിലും നടത്തി മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 14 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. നബ്ലസ് നഗരത്തില്‍ ഇസ്രായില്‍ സൈന്യവും ജൂതകുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും പ്രാദേശിക സ്രോതസ്സുകള്‍ അറിയിച്ചു.



