കീവ്: കടന്നുകയറ്റക്കാര്‍ക്ക് യുക്രെയ്‌ന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ലെന്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും അലാസ്‌കയില്‍ ഈ 15ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സെലന്‍സ്‌കി നിലപാട് വ്യക്തമാക്കിയത്.
യുക്രൈന്റെ ഭരണഘടന പ്രകാരം ഭൂമിയുടെ അഖണ്ഡത ലംഘിക്കാനാവില്ലെന്നും, യുക്രൈന്‍ ഉള്‍പ്പെടാത്ത ഏതൊരു കരാറും ‘മരിച്ച തീരുമാനങ്ങള്‍’ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘യുക്രൈനുകള്‍ തങ്ങളുടെ ഭൂമി ആക്രമണകാരിക്ക് സമ്മാനമായി നല്‍കില്ല, യഥാര്‍ത്ഥവും ജനങ്ങള്‍ ബഹുമാനിക്കുന്നതുമായ സമാധാനമാണ് ഞങ്ങള്‍ക്ക് വേണ്ടത്. യുക്രൈന്‍ ഇല്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ല,’ -ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞു.
വെള്ളിയാഴ്ച അലാസ്‌കയില്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ‘ചില പ്രദേശങ്ങളുടെ കൈമാറ്റം’ ഉള്‍പ്പെട്ടേക്കാമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു, എന്നാല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല. കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക്, സാപൊറീഷ്യ, ഖേഴ്‌സന്‍ എന്നീ നാല് പ്രവിശ്യകളും 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രൈമിയയും വിട്ടുകൊടുക്കണമെന്നാണ് പുടിന്റെ ആവശ്യമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, രണ്ട് പ്രവിശ്യകള്‍ വിട്ടുനല്‍കി യുഎസ് പിന്തുണയോടെ സമാധാന കരാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോടാണ് സെലന്‍സ്‌കി പ്രതികരിച്ചത്. യുക്രെയ്‌നിന്റെ അഞ്ചിലൊന്ന് ഭൂമി ഉള്‍പ്പെടുന്ന ഈ കരാറിന് അദ്ദേഹം തയാറല്ല.
യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ പുടിന്‍ നിബന്ധനകളില്ലാതെ വെടിനിര്‍ത്തലിന് തയാറാകണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. ട്രംപ്-പുടിന്‍ ചര്‍ച്ചകള്‍ കൂടുതല്‍ തുടര്‍നടപടികളിലേക്ക് നയിച്ചേക്കാം, ഇത് പ്രതിസന്ധിക്ക് അയവ് വരുത്തിയേക്കും.