ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ (74) ആരോഗ്യകാരണങ്ങളാല്‍ തന്റെ പദവി രാജിവച്ചു. ആരോഗ്യ പരിചരണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും, ഞാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി പദവിയില്‍ നിന്ന് രാജിവയ്ക്കുന്നു എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
രാജിവെക്കുന്നതിന് മുമ്പ്, രാജ്യസഭയില്‍ ഒരു ദിവസം മുഴുവന്‍ ചെലവഴിച്ച അദ്ദേഹം എട്ട് പുതിയ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തിരുന്നു. രാഷ്ട്രപതിയുടെ പിന്തുണയ്ക്ക് അദ്ദേഹം കത്തില്‍ നന്ദി രേഖപ്പെടുത്തി.
ഈ വര്‍ഷം മാര്‍ച്ചില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണം ഇദ്ദേഹത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം കുമാവോണ്‍ യൂണിവേഴ്‌സിറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കവേ അദ്ദേഹം ബോധരഹിതനായിരുന്നു.
2022-ല്‍ വെങ്കയ്യ നായിഡുവിന്റെ പിന്‍ഗാമിയായി എതിര്‍സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ പരാജയപ്പെടുത്തി ഉപരാഷ്ട്രപതിയായ ധന്‍കര്‍, തന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനിയും രണ്ട് വര്‍ഷം ബാക്കിനില്‍ക്കെയാണ് രാജിവച്ചത്. അഭിഭാഷകനില്‍ നിന്ന് രാഷ്ട്രീയക്കാരനായ ധന്‍കര്‍, പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്നപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള തര്‍ക്കങ്ങള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു.