വാഷിംഗ്ടൺ – ഇറാൻ 47 വർഷമായി ലോകമെമ്പാടും നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന ആരോപണവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റെന്ന നിലയിൽ അവരെ ഞാൻ കൊല്ലുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏതൊരു രാജ്യത്തിനും നേരിടേണ്ടി വന്നതിനേക്കാൾ കഠിനമായി ഇറാനെ അമേരിക്ക ആക്രമിച്ചതായി ട്രംപ് അവകാശപ്പെട്ടു. മറ്റൊരു രാജ്യവും ഇതുവരെ ചെയ്യാത്ത വിധത്തിൽ അമേരിക്ക ഇറാനെ നശിപ്പിച്ചു. പുതിയ ഇറാൻ പരമോന്നത നേതാവായ മുജ്തബ ഖാംനഇ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് താൻ കരുതുന്നു. അദ്ദേഹത്തിന് പരിക്കേറ്റിരിക്കാമെന്നും ട്രംപ് പറഞ്ഞു.
ഇതിനു പുറമെ അടുത്തയാഴ്ച ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ അമേരിക്ക ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കുകളെ അനുഗമിക്കും.ഈ ശ്രമം നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
നേരത്തെ ഇറാനെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ ബുദ്ധിമാന്ദ്യമുള്ള ആളുകൾക്ക് ഇന്ന് എന്ത് സംഭവിക്കുമെന്ന് കാത്തിരൂക്കൂ എന്ന് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലെ പോസ്റ്റിൽ കുറിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ഇറാൻ നാവികസേന അവസാനിച്ചു. അവരുടെ വ്യോമസേന ഇല്ലാതായി. അവരുടെ മിസൈലുകൾ, ഡ്രോണുകൾ, മറ്റെല്ലാം നശിപ്പിക്കപ്പെട്ടു. അവരുടെ നേതാക്കളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖാംനഇ ഇന്നലെ, തന്റെ ആദ്യ സന്ദേശത്തിൽ, യുദ്ധം തുടരുമെന്നും രാജ്യത്തെ മരണങ്ങൾക്ക് പ്രതികാരം ചെയ്യുമെന്നും ഇറാന്റെ പ്രതികാരം അവസാനിച്ചിട്ടില്ലെന്നും ശത്രുക്കൾ വില കൊടുക്കേണ്ടി വരുമെന്നും വ്യക്തമാക്കി. സുപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനും അദ്ദേഹം ഉത്തരവിട്ടു. പരമോന്നത നേതാവിന്റെ ഉത്തരവുകൾ നടപ്പാക്കുമെന്ന് ഇറാൻ നാവികസേന അറിയിച്ചു.



