തിരുവനന്തപുരം– രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉർന്നതിനു പിന്നാലെ പ്രതികരണവുമായി മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. പൊതുസമൂഹത്തിൻ്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവരുന്നതെന്ന് ശൈലജ പറഞ്ഞു. ഗർഭഛിദ്രത്തിനുൾപ്പെടെ നിർബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങൾ കേവലം സ്ഥാനമാനങ്ങളുടെ രാജിയിൽ ഒതുക്കാൻ കഴിയുന്നതല്ലെന്നും അവർ പറഞ്ഞു. ഇയാൾക്കെതിരെ തുടർച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാവാൻ ഉൾപ്പെടെ അവസരം നൽകിയ കോൺഗ്രസ് നേതൃത്വമൊന്നാകെ ഈ വിഷയത്തിൽ മറുപടി നൽകാൻ ബാധ്യസ്ഥരാണെന്നും ശൈലജ കൂട്ടിച്ചേർത്തു. രാഹുലിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കെ കെ ശൈലജക്ക് പുറമെ നിരവധി നേതാക്കളാണ് രാഹുലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയത്തിൽ നിൽക്കാൻ അയോഗ്യനായ രാഹുല്‍ സ്ത്രീകളോട് മാപ്പ് പറയണമെന്നാണ് ഇ പി ജയരാജൻ പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിട്ടുള്ള എല്ലാ അശ്ലീല കൊള്ളരുതായ്മയുടെയും പിതൃത്വം വി ഡി സതീശനാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും വിമര്‍ശിച്ചു.
കെ കെ ശൈലജയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
രാഹുൽ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിൻ്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗർഭഛിദ്രത്തിനുൾപ്പെടെ നിർബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങൾ കേവലം സ്ഥാനമാനങ്ങളുടെ രാജിയിൽ ഒതുക്കാൻ കഴിയുന്നതല്ല. സ്ത്രീകൾക്കും പൊതുസമൂഹത്തിനുമാകെ വെല്ലുവിളിയാവുന്നൊരു മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാളെന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇയാൾക്കെതിരെ തുടർച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാവാൻ ഉൾപ്പെടെ അവസരം നൽകിയ കോൺഗ്രസ് നേതൃത്വമൊന്നാകെ ഈ വിഷയത്തിൽ മറുപടി പറയാൻ ബാധ്യസ്ഥരാണ്. സമൂഹ മാധ്യമങ്ങളിൽ വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ കേട്ടാലറക്കുന്ന ഭാഷയിൽ പ്രതികരണങ്ങൾ നടത്തുന്നൊരു സംഘം രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ ഉണ്ടെന്നുള്ളത് വടകര പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ വ്യക്തമായിട്ടുള്ളതാണ്. വ്യാജ ഐഡികൾ ഉപയോഗിക്കുന്നതിനാലും ഇത്തരം കമന്റുകൾക്ക് ശേഷം ഐഡി ഡിലീറ്റ് ചെയ്യുന്നതിനാലും നിയമനടപടി സ്വീകരിക്കുക ശ്രമകരമായിരുന്നു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരക്കാരെ സംരക്ഷിച്ച് നിർത്തിയ കോൺഗ്രസ് നേതൃത്വം ഗത്യന്തരമില്ലാതെയാണ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നു. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതുൾപ്പെടെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത ഈ വ്യക്തിക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവണം. ഇയാൾ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്കാകെ നാണക്കേടാണ്.