ഗാസ– തെക്കൻ ഗാസയിൽ നിന്ന് വടക്കൻ ഗാസ മുനമ്പിലേക്ക് ഫലസ്തീനികളുടെ ഒഴുക്ക് തുടരുന്നു. രണ്ടു ലക്ഷത്തോളം ആളുകളാണ് ഇന്നലെ മാത്രം വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തിയത്. സ്വലാഹുദ്ദീൻ, റാശിദ് സ്ട്രീറ്റുകൾ വഴി തുടർച്ചയായി രണ്ടാം ദിവസവും ജനങ്ങൾ എത്തിച്ചേരുന്നതായി ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹ്‌മൂദ് ബസൽ പറഞ്ഞു.
വെടി നിർത്തൽ പ്രഖ്യാപനത്തിനു ശേഷം തകർന്ന കെട്ടിടങ്ങൾക്കടിയിൽ നടത്തിയ തിരച്ചിലിൽ ഗാസ നഗരത്തിൽ നിന്ന് 63 മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ഇസ്രായിൽ സേന പിൻവാങ്ങിയതോടെ ഗാസയിലെ നാശത്തിന്റെ വ്യപ്തി പുറം ലോകത്തിന് വ്യക്തമായതായി അൽ അഖ്‌സ ടിവി റിപ്പോർട്ട് ചെയ്തു.
ഗാസയിലെ 80 ശതമാനം കെട്ടിടങ്ങളും പൂർണമായി നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നും, ഏകദേശം മുഴുവൻ ജനങ്ങളും പാലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസി പ്രതികരിച്ചു. യുഎൻ റിലീഫ് ഏജൻസിയുടെ ഏകദേശം എല്ലാ സ്ഥാപനങ്ങളും തകർന്നു. 790ലേറെ ആക്രമണങ്ങളാണ് 2023 ഒക്ടോബർ ഏഴിന് ശേഷം ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ആശുപത്രിക്കും നേരെ മാത്രം ഇസ്രായിൽ നടത്തിയതെന്ന് യുഎൻ റിലീഫ് ഏജൻസി രേഖപ്പെടുത്തിയിട്ടുണ്ട്. യുഎൻ റിലീഫ് ഏജൻസിയുടെ 370 ജീവനക്കാർ കൊല്ലപ്പെട്ടു. നിലവിൽ ഗാസയിൽ 40 ശതമാനത്തിൽ താഴെ ആശുപത്രികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. അവയെല്ലാം ഭാഗികമായി തകർന്നവയാണെന്നും യുഎൻ റിലീഫ് ഏജൻസി പറഞ്ഞു.
92 ശതമാനത്തോളം സ്‌കൂളുകളും പുനർ നിർമിക്കുകയോ കാര്യമായ അറ്റകുറ്റപണികളോ ആവശ്യമാണ്. യുഎൻ റിലീഫ് ഏജൻസിക്ക് കീഴിൽ 90 ശതമാനത്തോളം സ്‌കൂളുകളും തകർന്നു. കുടിയിറക്കപ്പെട്ടവർ അഭയം തേടിയിരുന്ന സമയത്താണ് ഇവയിൽ പല സ്‌കൂളുകളും ആക്രമിച്ചത്. തർന്ന കെട്ടിടങ്ങളുടെ ലക്ഷക്കണക്കിന് ടൺ അവശിഷ്ടങ്ങളാണ് പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്നത്. തെരുവുകൾ വൃത്തിയാക്കാൻ ഒമ്പത് ഫീൽഡ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. പക്ഷെ വലിയ അളവിൽ അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ വലിയ സംവിധാനങ്ങൾ ആവശ്യമാണെന്ന് ഖാൻ യൂനിസ് മേയറും എമർജൻസി സമിതി തലവനുമാ അലാവുദ്ദീൻ അൽബത്ത പറഞ്ഞു.
ഖാൻ യൂനുസിൽ റോഡുകൾ, കിണറുകൾ, കുടിവെള്ള പൈപ്പ്‌ലൈനുകൾ, മലിനജല പൈപ്പ്‌ലൈൻ, മഴവെള്ള പൈപ്പ്‌ലൈൻ എന്നിങ്ങനെ എല്ലാ അടിസ്ഥാന സംവിധാനങ്ങളും 80-90 ശതമാനം വരെ തകർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസ മുനമ്പിസെ മുനിസിപ്പിലിറ്റികൾക്ക് ആവശ്യമായ യന്ത്ര സംവിധാനങ്ങളും ഉപകരണങ്ങളും നൽകണമെന്ന് അലാവുദ്ദീൻ അൽബത്ത അന്താരാഷ്ട്ര സമൂഹത്തോടും സംഘടനകളോടും ആവശ്യപ്പെട്ടു. അടിസ്ഥാന സൗകരങ്ങളെ ലക്ഷ്യം വെച്ച് ഇസ്രായിൽ ആക്രമണം നടത്തിയതിനാൽ അടിയന്തിര ഇടപെടൽ അത്യാവശ്യമാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ മിഡിൽ ഈസ്റ്റ് സന്ദർശിക്കും. ഇസ്രായിൽ നെസ്സെറ്റിനെ അഭിസംബോധന ചെയ്ത ശേഷം ഗാസയുടെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഈജിപ്തിലേക്ക് പോകും.