ഗാസ – ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സ് ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്സിനായി ജോലി ചെയ്തിരുന്ന ഒരാള്‍ അടക്കം അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മേഖലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മര്‍യം അബൂദഖ, മുഹമ്മദ് സലാമ, മുആദ് അബൂത്വാഹ, ഹുസാം അല്‍മസ്‌രി, അഹ്മദ് അബൂഅസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫര്‍ ഹുസാം അല്‍മസ്‌രി റോയിട്ടേഴ്സിനു കീഴില്‍ ജോലി ചെയ്തുവരികയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ റോയിട്ടേഴ്സിനു വേണ്ടി ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ ഹാതിം ഖാലിദിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആദ്യ ആക്രമണ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും മറ്റുള്ളവരും ഓടിയെത്തിയ ശേഷം രണ്ടാമത്തെ വ്യോമാക്രമണം നടന്നതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുസാം അല്‍മസ്‌രി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്നുള്ള തത്സമയ സംപ്രേഷണം ആദ്യ ആക്രമണ സമയത്ത് പെട്ടെന്ന് തടസ്സപ്പെട്ടതായി റോയിട്ടേഴ്സ് ദൃശ്യങ്ങള്‍ കാണിച്ചു.
മെഡിക്കല്‍ ജീവനക്കാര്‍, രോഗികള്‍, മാധ്യമപ്രവര്‍ത്തകര്‍, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടക്കം 20 പേര്‍ ആക്രമണത്തില്‍ രക്തസാക്ഷികളായതായും ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വ്യോമാക്രമണം ആശുപത്രിയില്‍ പരിഭ്രാന്തിയും അരാജകത്വവും സൃഷ്ടിച്ചു. ഓപ്പറേഷന്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി. രോഗികളുടെയും പരിക്കേറ്റവരുടെയും ചികിത്സക്കുള്ള അവകാശം നഷ്ടപ്പെടുത്തി – ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ തങ്ങളുടെ ഫ്രീലാന്‍സ് ജേണലിസ്റ്റുകളില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ അസോസിയേറ്റഡ് പ്രസ് ഞെട്ടല്‍ പ്രകടിപ്പിച്ചു. ഗാസയില്‍ തങ്ങള്‍ക്കു കീഴിലെ കരാര്‍ മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ റോയിട്ടേഴ്സ് ദുഃഖം രേഖപ്പെടുത്തി. ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ തങ്ങളുടെ ക്യാമറാമാന്‍ മുഹമ്മദ് സലാമ മരിച്ചതായി അല്‍ജസീറ ചാനല്‍ സ്ഥിരീകരിച്ചു. ചാനലില്‍ ജോലി ചെയ്തിരുന്ന മറ്റു രണ്ട് മാധ്യമപ്രവര്‍ത്തകര്‍ രണ്ടാഴ്ച മുമ്പ് സമാനമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ജസീറ ക്യാമറാമാന്‍ മുഹമ്മദ് സലാമ കൊല്ലപ്പെട്ടതായി ചാനല്‍ അതിന്റെ എക്‌സ് അക്കൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തു.
നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ റിസപ്ഷന്‍, എമര്‍ജന്‍സി കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യോമാക്രമണം നടത്തുകയായിരുന്നെന്നും ഫയര്‍ഫോഴ്സും ആംബുലന്‍സുകളും എത്തിയപ്പോള്‍ രണ്ടാമത്തെ വ്യോമാക്രമണം നടത്തിയതായും അല്‍അഖ്സ ടി.വി റിപ്പോര്‍ട്ട് ചെയ്തു. നാസര്‍ ആശുപത്രിയിലെ വ്യോമാക്രമണത്തെ കുറിച്ച എ.എഫ്.പിയുടെ ചോദ്യത്തിന് മറുപടിയായി, ഇക്കാര്യം അന്വേഷിക്കുകയാണെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ഓഗസ്റ്റ് 10 ന് രാത്രി ഗാസ സിറ്റിയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് അല്‍ജസീറ ജീവനക്കാരും ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഫ്രീലാന്‍സ് ക്യാമറമാന്‍മാരും കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട നാല് മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ അനസ് അല്‍ശരീഫിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം സമ്മതിച്ചു. അനസ് അല്‍ശരീഫ് ഹമാസുമായി ബന്ധമുള്ള ഭീകരനാണെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
തെക്കന്‍ ഗാസ മുനമ്പിലെ ആശുപത്രിയില്‍ ഇസ്രായില്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ അഞ്ച് പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, ഇസ്രായില്‍ സൈന്യത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉടനടി വിശദീകരണം ആവശ്യപ്പെട്ട് ഫോറിന്‍ പ്രസ് അസോസിയേഷന്‍ രംഗത്തെത്തി. ഇസ്രായില്‍ സൈന്യത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഞങ്ങള്‍ അടിയന്തര വിശദീകരണം ആവശ്യപ്പെടുന്നു.
മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്ന അപലപനീയമായ രീതി എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ഇസ്രായിലിനോട് അഭ്യര്‍ഥിക്കുന്നു – ഇസ്രായില്‍, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ വിദേശ മാധ്യമസ്ഥാപനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ പ്രതിനിധീകരിക്കുന്ന ജറൂസലം ആസ്ഥാനമായുള്ള അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗാസയിലെ ഏറ്റവും പുതിയ ഇസ്രായിലി ആക്രമണം പത്രസ്വാതന്ത്ര്യത്തിനെതിരായ ആക്രമണവും പുതിയ യുദ്ധക്കുറ്റവുമാണെന്ന് തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറേറ്റ് പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 44 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം 11 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഗാസയില്‍ പട്ടിണി മൂലം മരിച്ചവരുടെ ആകെ എണ്ണം 300 ആയി. ഇതില്‍ 117 പേര്‍ കുട്ടികളാണ്.