ഗസ്സ: ഗസ്സയിലെ ഖാന്‍ യൂനിസിലുള്ള നസര്‍ മെഡിക്കല്‍ കോംപ്ലക്‌സിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രിയുടെ നാലാം നിലയിലെ അത്യാഹിത വിഭാഗമായ ‘അല്‍-യാസിന്‍’ മന്ദിരത്തില്‍ ആദ്യ ആക്രമണം നടന്ന് മിനിറ്റുകള്‍ക്കകം, രക്ഷാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എത്തിയപ്പോള്‍ രണ്ടാമത്തെ ആക്രമണം നടന്നതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഹുസ്സാം അല്‍-മസ്റി (റോയിട്ടേഴ്സിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റ്), മുഹമ്മദ് സലാമ (അല്‍ ജസീറ ഫോട്ടോ ജേര്‍ണലിസ്റ്റ്), മറിയം അബു ദഖ (ഇന്‍ഡിപെന്‍ഡന്റ് അറബിക്കിന്റെയും അസോസിയേറ്റഡ് പ്രസിന്റെയും പ്രതിനിധി), മൊഅസ് അബു തഹ (എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടര്‍) എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍.
ഈ ആക്രമണത്തോടെ, 2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 244-ആയി ഉയര്‍ന്നതായി ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് (ജിഎംഒ) രേഖപ്പെടുത്തി. ആക്രമണത്തില്‍ ഒരു ഫയര്‍ എന്‍ജിന്‍ ഡ്രൈവറും കൊല്ലപ്പെടുകയും ഏഴ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോയിട്ടേഴ്സിന്റെ മറ്റൊരു ഫോട്ടോ ജേര്‍ണലിസ്റ്റായ ഹാതെം ഖാലിദിന് പരിക്കേറ്റു.
ഓഗസ്റ്റ് 10-ന് ഗസ്സ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിക്ക് സമീപമുള്ള മാധ്യമപ്രവര്‍ത്തകരുടെ ടെന്റിന് നേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ അല്‍ ജസീറയുടെ പ്രശസ്ത യുദ്ധ റിപ്പോര്‍ട്ടര്‍ അനസ് അല്‍-ഷരീഫ് ഉള്‍പ്പെടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഗസ്സയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍, പ്രാദേശിക റിപ്പോര്‍ട്ടര്‍മാരാണ് യുദ്ധത്തിന്റെ യാഥാര്‍ഥ്യം ലോകത്തെ അറിയിക്കുന്നത്.