ഗാസ – ഞായറാഴ്ച ഗാസയിലുടനീളം ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സിയും ആശുപത്രികളും അറിയിച്ചു. ഗാസ മുനമ്പിലുടനീളമുള്ള ഡസന്‍ കണക്കിന് ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച് ഒക്ടോബർ 10ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപിക്കുന്നുണ്ട്.
ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 45 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ എ.എഫ്.പിയോട് പറഞ്ഞു. മരണ സംഖ്യ ഗാസയിലെ നാലു ആശുപത്രികള്‍ സ്ഥിരീകരിച്ചു.
മധ്യ ഗാസയില്‍ നടന്ന ഒന്നിലധികം ആക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് നുസൈറാത്തിലെ അല്‍ഔദ ആശുപത്രി റിപ്പോര്‍ട്ട് ചെയ്തത്. സമീപത്തുണ്ടായ ബോംബാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടതായും അല്‍അഖ്സ ആശുപത്രി അറിയിച്ചു. ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രി അഞ്ച് പേര്‍ മരിച്ചതായും ഗാസ സിറ്റിയിലെ അല്‍ശിഫ ആശുപത്രി നാലു പേര്‍ കൊല്ലപ്പെട്ടതായും വ്യക്തമാക്കി. മരിച്ചവരെയും പരിക്കേറ്റവരെയും സ്വീകരിച്ചെന്നും ആശുപത്രികള്‍ പറഞ്ഞു.
അതേസമയം, തെക്കന്‍ ഗാസ മുനമ്പിലെ റഫ നഗരത്തില്‍ ഹമാസ് നടത്തിയ ആക്രമണത്തിൽ നഹല്‍ ബ്രിഗേഡിലെ ഒരു ഓഫീസറും ഒരു സൈനികനും കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. നഹല്‍ ബ്രിഗേഡിന്റെ 932-ാം ബറ്റാലിയനിലെ കമ്പനി കമാന്‍ഡറായ മേജര്‍ യാനിവ് കുല (26), അതേ ബറ്റാലിയനിലെ സൈനികനായ ഫസ്റ്റ് സര്‍ജന്റ് ഇറ്റായ് യെഫെറ്റ്‌സ് (21) എന്നിവരാണ് കൊല്ലപ്പെട്ടത്.
തെക്കന്‍ ഗാസ മുനമ്പില്‍ നടന്ന പോരാട്ടത്തിനിടെയാണ് രണ്ട് സൈനികരും കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ ഒരു റിസര്‍വ് സൈനികന് ഗുരുതരമായി പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത് പുനരാരംഭിച്ചെന്നും ഇസ്രായില്‍ സൈന്യം അറിയിച്ചു.



