ഗാസ– ഗാസ സിറ്റിക്ക് കിഴക്ക് സിവിലിയൻ വാഹനം ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 11 പേരാണ് മരിച്ചത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ശേഷം ഏറ്റവും കൂടുതൽ പേർ മരിച്ച ഇസ്രായിൽ ആക്രമണമാണിതെന്ന് മെഡിക്കൽ വൃത്തങ്ങളും ദൃക്‌സാക്ഷികളും വ്യക്തമാക്കി.
ഗാസ സിറ്റിക്ക് കിഴക്ക് സെയ്തൂൻ ഡിസ്ട്രിക്ടിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബൂശഅബാൻ കുടുംബത്തിലെ അംഗങ്ങൾ സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും വാഹനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും ഗാസ സിവിൽ ഡിഫൻസ് അതോറിറ്റി വക്താവ് മഹ്മൂദ് ബസൽ പ്രസ്താവനയിൽ പറഞ്ഞു. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ആക്രമണം നടന്ന പ്രദേശത്തെ അപകടകരമായ സാഹചര്യങ്ങൾ കാരണം മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിൽ രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ട് നേരിട്ടതായി മഹ്മൂദ് ബസൽ പറഞ്ഞു.
സിവിലിയന്മാർക്ക് വിലക്കുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്ന, മഞ്ഞ രേഖയായി നിർണയിച്ച പ്രദേശത്ത് കടന്ന വാഹനത്തിൽ ഇസ്രായിലി പീരങ്കി ഷെൽ പതിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങുടെ മധ്യസ്ഥതയിൽ യു.എസ് പിന്തുണയോടെ കഴിഞ്ഞ വെള്ളിയാഴ്ച വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്ന ശേഷം നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. വെടിനിർത്തൽ പ്രാബല്യത്തിൽവന്ന ശേഷം ഇസ്രായിൽ ആക്രമണങ്ങളിൽ 34 ഫലസ്തീനികൾ കൊല്ലപ്പെടുകയും 129 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശത്തെ തുരങ്കത്തിൽ നിന്ന് പുറത്തുവന്ന ആയുധധാരികൾ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സൈന്യത്തിനോട് അടുത്തതിനെ തുടർന്ന് ഇസ്രായിൽ സൈന്യം ആക്രമണം നടത്തിയതായി ഇസ്രായിൽ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. റഫ പ്രദേശത്തെ തുരങ്കത്തിൽ നിന്ന് പുറത്തുവന്ന മറ്റൊരു സംഘം സൈന്യത്തിന് നേരെ വെടിയുതിർത്തതായും ആർക്കും പരിക്കില്ലെന്നും സൈനിക വക്താവ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാർ പദ്ധതി പ്രകാരം ഇസ്രായിൽ സേന പ്രദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നും ഉടനടിയുള്ള ഭീഷണി ഇല്ലാതാക്കാൻ നിർണായകമായി പ്രവർത്തിക്കുന്നത് തുടരുമെന്നും സൈനിക വക്താവ് വ്യക്തമാക്കി.
വെടിനിർത്തൽ കരാർ വ്യവസ്ഥകൾ പ്രകാരം ഏകദേശം 2,000 ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി, ഗാസ മുനമ്പിൽ തങ്ങളുടെ പക്കലുണ്ടായിരുന്ന അവസാനത്തെ ജീവിച്ചിരിക്കുന്ന ഇസ്രായിലി ബന്ദികളെയും ഹമാസ് വിട്ടയച്ചു. ദിവസങ്ങൾക്കു ശേഷം, യുദ്ധത്തിനിടെ മരിച്ച ഏതാനും ഇസ്രായിലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങളും ഹമാസ് കൈമാറി. റെഡ് ക്രോസ് വഴി ഇസ്രായിലിൽ നിന്ന് 15 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി ലഭിച്ചതായി ഗാസ മുനമ്പിലെ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. ഇതോടെ ഇസ്രായിൽ ഇതുവരെ കൈമാറിയ ഫലസ്തീനികളുടെ മൃതദേഹങ്ങൾ 135 ആയി. മൃതദേഹങ്ങൾ പരിശോധിക്കാനും രേഖപ്പെടുത്താനും കുടുംബങ്ങൾക്ക് കൈമാറാനുമായി സ്ഥാപിതമായ മെഡിക്കൽ നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും അനുസരിച്ച് മെഡിക്കൽ സംഘങ്ങൾ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഈജിപ്തിലെയും ജോർദാനിലെയും തങ്ങളുടെ വെയർഹൗസുകളിൽ ഗാസയിലെ എല്ലാ നിവാസികൾക്കും മൂന്ന് മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസി അറിയിച്ചു. 13 ലക്ഷം ആളുകൾക്ക് അഭയം നൽകാൻ ആവശ്യമായ തമ്പുകളും മറ്റു സാധനസാമഗ്രികളും തങ്ങളുടെ പക്കലുണ്ടെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. കാലതാമസമില്ലാതെ ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം അനുവദിക്കണമെന്ന് യു.എൻ റിലീഫ് ഏജൻസി ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ നടപ്പാക്കി തുടങ്ങിയതിനാൽ ഗാസ മുനമ്പിലേക്ക് വ്യാപകമായ തോതിൽ മാനുഷിക സഹായം അനുവദിക്കണമെന്ന് കഴിഞ്ഞയാഴ്ച യു.എൻ റിലീഫ് ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി ആവശ്യപ്പെട്ടിരുന്നു.