തെഹ്‌റാന്‍ – വെടിനിർത്തൽ ചർച്ചകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അമേരിക്ക മൂന്ന് പ്രധാന വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. പത്തിന വെടിനിർത്തൽ നിർദ്ദേശങ്ങളിൽ ഉൾപ്പെട്ട ലെബനനിലെ വെടിനിർത്തൽ ലംഘനം, ഇറാന്റെ വ്യോമാതിർത്തിയിലേക്കുള്ള ഡ്രോണുകളുടെ കടന്നുകയറ്റം, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം നിഷേധിക്കൽ എന്നിവയാണ് അമേരിക്ക ലംഘിച്ചതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. വെടിനിർത്തലിനുള്ള വ്യവസ്ഥകൾ വളരെ വ്യക്തമാണെന്നും അമേരിക്ക ഒന്നുകിൽ വെടിനിർത്തൽ അല്ലെങ്കിൽ ഇസ്രായേൽ വഴിയുള്ള യുദ്ധം ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി. അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുമോ എന്ന് ലോകം ഉറ്റുനോക്കുകയാണെന്നും പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാൻ ആദ്യം മുന്നോട്ടുവെച്ച പദ്ധതികൾ അമേരിക്കയ്ക്ക് സ്വീകാര്യമല്ലായിരുന്നുവെന്നും എന്നാൽ പിന്നീട് കൂടുതൽ ന്യായമായ നിർദ്ദേശങ്ങൾ ഇറാൻ നൽകിയതായും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു. ഇറാൻ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ട യുറേനിയം ശേഖരം കൈമാറാൻ തയ്യാറാണെന്ന് സൂചിപ്പിച്ചതായും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പത്തിന വെടിനിർത്തൽ പദ്ധതി അമേരിക്ക സമ്മതിച്ച ഔദ്യോഗിക ചട്ടക്കൂടല്ലെന്ന് മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യഥാർത്ഥ കരാർ രേഖകൾ ഇതല്ലെന്നാണ് അമേരിക്കൻ നിലപാട്.
ഇക്കാര്യത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. അമേരിക്ക അംഗീകരിക്കുന്ന ചില പ്രധാന കാര്യങ്ങൾ മാത്രമേ ചർച്ചകളിൽ ഉള്ളൂവെന്നും അവ രഹസ്യ യോഗങ്ങളിൽ മാത്രമേ സംസാരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന പല കരാറുകളും ലിസ്റ്റുകളും ചർച്ചകളുമായി ബന്ധമില്ലാത്ത തട്ടിപ്പുകാർ നിർമ്മിച്ചതാണെന്നും ട്രംപ് ആരോപിച്ചു. ഇത്തരം വ്യാജ രേഖകൾ പ്രചരിപ്പിക്കുന്നവരെ ഫെഡറൽ അന്വേഷണത്തിന് ശേഷം ഉടൻ പുറത്തുകൊണ്ടുവരുമെന്ന് ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തലിനായി അമേരിക്ക മുന്നോട്ടുവെച്ച പോയിന്റുകളിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



