കണ്ണൂർ– കണ്ണൂരിലെ കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ വൻ സ്ഫോടനം. സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കമാണെന്ന് പോലീസ് അറിയിച്ചു. പൊട്ടാതെ കിടന്ന വലിയ ഗുണ്ടുകളും വീടിന്റെ പരിസരത്തു നിന്നു പോലീസ് കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ വീട് തകർന്നു.അനൂപ് മാലിക്ക് എന്നയാൾ വാടകയ്‌ക്കെടുത്ത വീടാണ് തകർന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. അനൂപിൻ്റെ ബന്ധു ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്.
ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സമീപത്തെ വീടുകൾക്കും കേടുപാടുണ്ടായി.
പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹാവശിഷ്ടങ്ങൾ വീടിനുള്ളിൽനിന്ന് പുറത്തെടുത്തു.